കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്. അമേരിക്കയിലുള്ള മകന്‍ രവിരാജ് എത്താനായി കാത്തിരിക്കുകയായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ 6.30നു പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്‌മെന്റില്‍ എത്തിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ഥനാചടങ്ങുകള്‍ക്കുശേഷം 7.30ഓടെ പൊതുദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലേക്കു കൊണ്ടുപോയി. 7.45 മുതല്‍ 9.45 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു.

Read More: പ്രിയ ‘രാജുച്ചായ’നെ ഓര്‍ത്ത് മലയാള സിനിമാ ലോകം

സംവിധായകൻ സിബി മലയിൽ കോൺഗ്രസ് നേതാവ് പിസി എന്നിവർ ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലെത്തി. താരസംഘടന അമ്മയെ പ്രതിനിധീകരിച്ചുകൊണ്ട് ടിനി ടോം, ബാബുരാജ്, ഇടവേള ബാബു എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. .

ക്യാപ്റ്റന്റെ ഭൌതിക ശരീരം പൊതുദർശനത്തിനായി ടൌൺ ഹാളിൽ എത്തിച്ചപ്പോൾ

ക്യാപ്റ്റന്റെ ജന്മദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തി. 11 മുതല്‍ 11.05 വരെയായിരുന്നു ഇത്. 12 മണിയോടെ തിരുവല്ലയിലെത്തും. അഞ്ച് മിനിറ്റ് തിരുവല്ല ടൗണിലും നിര്‍ത്തും.

ഒരു മണിയോടെ പത്തനംതിട്ടയിലെത്തും. 1.10 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ ക്യാപ്റ്റന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.

ക്യാപ്റ്റന്റെ കുടുംബാംഗങ്ങൾ

കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വീട്ടില്‍ സെപ്റ്റംബര്‍ 17 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കുംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കിയതിനു ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.

Read More: പവനായിക്ക് മരണമില്ല

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ക്യാപ്റ്റന്‍ രാജു. സംവിധായകന്‍, സീരിയല്‍ നടന്‍ തുടങ്ങിയ നിലകളിലും പ്രേക്ഷകര്‍ക്കു പരിചിതനാണ്.

ക്യാപ്റ്റന്റെ മൃതദേഹം ആലപ്പുഴയിൽ എത്തിച്ചപ്പോൾ

1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആണ് ക്യാപ്റ്റന്‍ രാജു അഭിനയിച്ച ആദ്യ ചിത്രം. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങി പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ക്യാപ്റ്റന്‍ രാജു ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്. ‘ഇതാ ഒരു സ്‌നേഹ ഗാഥ’, ‘മിസ്റ്റര്‍ പവനായി 99.99’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ