മലയാളത്തില്‍ തുടങ്ങി തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമുറപ്പിച്ച് ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രം ‘കാര്‍വാ’ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ദുല്‍ഖറിന്റെ അഭിനയത്തെ ബോളിവുഡ് ഇരു കൈകളും നീട്ടി വരവേറ്റു. ബോളിവുഡിലെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍.

‘ദി സോയാ ഫാക്ടര്‍’ എന്ന ചിത്രത്തിലാണ് ഇനി ദുല്‍ഖര്‍ അഭിനയിക്കുക. ഒരു ക്രിക്കറ്ററുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുമ്പോള്‍ നായികയാവുന്നത് സോനം കപൂര്‍. ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്ന സോനം ‘ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കാന്‍ പോകുന്ന എക്സൈറ്റ്മെന്റിലാണ് ഞാന്‍’ എന്ന് ട്വിറ്റെറില്‍ അറിയിച്ചു. ‘ഞാനും അങ്ങനെ തന്നെ’ എന്ന് സോനത്തിന് മറുപടിയുമായി ദുല്‍ഖറും രംഗത്ത്‌ വന്നു.

‘കാര്‍വാ’യില്‍ ദുല്‍ഖറിന്റെ പൂര്‍വ്വ കാമുകിയുടെ വേഷം ചെയ്ത കൃതി ഖര്‍ബന്ദയ്ക്കും ദുല്‍ഖറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ്. അഞ്ചു മിനുറ്റ് മാത്രമുള്ള ചെറിയ വേഷമാണ് ‘കാര്‍വാ’യില്‍ ചെയ്തത്, ദുല്‍ഖറിനോപ്പം അഭിനയിക്കാന്‍ ഇനിയും അവസരമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായും കൃതി വെളിപ്പെടുത്തി.

“ദുല്‍ഖറിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. ‘ഓ കെ കണ്മണി’യാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ‘കാര്‍വാ’യില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു കാണും എന്ന് കരുതുന്നു”, കൃതി ഖര്‍ബന്ദ ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

krithi kharbanda

കൃതി ഖര്‍ബന്ദ. ചിത്രം. ഫേസ്ബുക്ക്‌

“കഴിഞ്ഞ ദിവസം ഞാന്‍ ദുല്‍ഖറിന് മെസ്സേജ് അയച്ചിരുന്നു, ‘നോക്കൂ, നമ്മള്‍ ഇനിയും ഒന്നിച്ചഭിനയിക്കണം’ എന്ന് പറഞ്ഞു കൊണ്ട്. ദുല്‍ഖര്‍ മറുപടിയും അയച്ചു, ‘അത് പിന്നെ പറയേണ്ട കാര്യമുണ്ടോ’ എന്ന്. ഒരുമിച്ചഭിനയിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം നടക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More: ദുല്‍ഖര്‍ സല്‍മാന്‍ ‘ക്യൂട്ട്’ ആണെന്ന് സോനം കപൂര്‍

തെന്നിന്ത്യയുടെ ‘ഹാര്‍ട്ട്‌ത്രോബ്’ ആയ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്‌ എന്നും ‘ക്യൂട്ട്’ ആണ് എന്നും മുന്‍പൊരു അവസരത്തില്‍ സോനം കപൂര്‍ പറഞ്ഞിരുന്നു. അവര്‍ തന്നെ അഭിനയിച്ച്‌ നിര്‍മ്മിച്ച ‘വീരേ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍ ദുല്‍ഖറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

“ദുല്‍ഖര്‍ അഭിനിയച്ച ‘ഓ കെ കണ്മണി’ എന്ന ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യന്‍ നായകന്മാരുമായി ഞാന്‍ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. ‘റാന്‍ജ്‌ഹാനാ’യിലൂടെയാണ് ധനുഷ് ഹിന്ദി സിനിമാ രംഗത്ത്‌ എത്തുന്നത്‌. തെന്നിന്ത്യയില്‍ നിന്നുള്ള നായകന്മാരുമായി എനിക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും എന്നാണു ഞാന്‍ കരുതുന്നത്.”, സോനം കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Dulquer Salmaan, Sonam Kapoor

സോയാ ഫാക്ടര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ‘ദി സോയാ ഫാക്ടര്‍’ അടുത്ത ഏപ്രിലില്‍ തിയേറററുകളിലെത്തും. അനുജാ ചൌഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

2010ൽ മഹേന്ദ്രസിംഗ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന് അദ്ദേഹത്തിന്റേതായ രീതിയിൽ ആ കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ നേരത്തെ പറഞ്ഞിരുന്നത്.

എന്നാൽ വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുക എന്ന് പുതിയ വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ