ഡിഎൻഎ ടെസ്റ്റ് നടത്താൻ തയാറല്ലെന്ന് നടൻ ധനുഷ്. മദ്രാസ് ഹൈക്കോടതി ബെഞ്ചിനു മുൻപാകെയാണ് ധനുഷ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഒന്നും ഒളിക്കാനില്ല, പക്ഷേ തന്റെ ആത്മാർഥതയെയും സ്വകാര്യതയെയും ഇത്തരം ബാലിശമായ കേസുകൾ ആരെങ്കിലും നൽകിയതിന്റെ പേരിൽ ടെസ്റ്റ് ചെയ്യാനാകില്ലെന്നും” ധനുഷ് പറഞ്ഞു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് വൃദ്ധ ദമ്പതികൾ മദ്രാസ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

ജസ്റ്റിസ് പി.എൻ.പ്രകാശാണ് ഹർജി പരിഗണിക്കുന്നത്. ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനുഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാമകൃഷ്ണൻ വീരരാഘവൻ കോടതിയിൽ വാദിച്ചു. എന്റെ അധികാര പരിധിക്കു പുറത്തു വരുന്നതിനാൽ ഡിഎന്‍എ ടെസ്റ്റിന്റെ കാര്യത്തിൽ ഞാൻ വിധി പറയില്ലെന്ന് ജസ്റ്റിസ് പി.എൻ.പ്രകാശ് അറിയിച്ചു. എന്നാൽ താരത്തെ ഏതെങ്കിലും കീഴ്കോടതിയിൽവെച്ച് സാക്ഷിവിസ്താരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ദമ്പതികൾ സമർപ്പിച്ചിരിക്കുന്ന ഹർജിക്ക് ഉത്തരം നൽകാൻ താൻ ബാധ്യസ്ഥനാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്പതികളുടെ അവകാശവാദം. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് ദമ്പതികൾ പറഞ്ഞിരുന്നത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും തയാറാണെന്നാണ് ദന്പതികൾ കോടതിയിൽ അറിയിച്ചിരുന്നു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 2002ലാണ് നടൻ ഒളിച്ചോടിയതെന്നും ദമ്പതികൾ പറയുന്നു. എന്നാൽ ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്നാണ് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർത്ഥപേര്. നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ