scorecardresearch

കാൻ ഹ്രസ്വചിത്രമേളയിൽ അംഗീകാരം നേടി മലയാളചിത്രം ‘കൊമ്പൽ’

പുതുമുഖ സംവിധായക ലക്ഷ്‍മി പുഷ്പയാണ് ചിത്രത്തിന്റെ സംവിധായിക

Kombal

പുതുമുഖ സംവിധായക ലക്ഷ്‍മി പുഷ്പയുടെ ‘കൊമ്പൽ’ എന്ന ഹ്രസ്വചിത്രം പ്രതിമാസ ചലച്ചിത്രമേളയായ കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടി. ഇതോടെ ചിത്രം 2022ൽ നടക്കുന്ന കാൻ ഗ്രാൻഡ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പ്രതിമാസ ഹ്രസ്വചിത്ര മേളയിൽ ഒക്ടോബർ മാസത്തെ മത്സരത്തിലാണ് കൊമ്പൽ തിരഞ്ഞെടുക്കപ്പെട്ടത്. പിആർഡിയിൽ വെബ് ആൻഡ് ന്യൂ മീഡിയയിൽ റിസർച്ച് അസ്സിസ്റ്റന്റായി ജോലി ചെയ്യുകയാണ് ലക്ഷ്‍മി പുഷ്പ. പ്രതിമാസ മത്സരങ്ങളിൽ വിജയിക്കുന്ന ചിത്രങ്ങൾക്ക് ലോകത്തെ ഏറ്റവും വിലമതിക്കപ്പെടുന്ന കാൻ ചലച്ചിത്രോത്സവത്തിൽ മത്സരിക്കാം. പ്രതിമാസ വിജയികളുടെ പേരുകൾ ഐഎംഡിബി ലിസ്റ്റിൽ പെടുത്തും.

ഇതിനകം തന്നെ നിരവധി ചലച്ചിത്രമേളകളിൽ ‘കൊമ്പൽ’ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മാനസിക ഭൗതിക ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ചലച്ചിത്ര വേദികളിലെല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ജോളി ചിറയത്ത് നായികയായ ചിത്രത്തിൽ ബൈജു നെറ്റോ, വിഷ്ണു സനൽ കുമാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

മ്യൂസിയം ടാക്കിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച നടിക്കുള്ള അവാർഡും നേടിയിരുന്നു. മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയെക്കൂടാതെ മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ അവാർഡുകളും ചിത്രത്തിനാണ്.

ആരതി എം. ആർ. ആണ് ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിയ്ക്കുന്നത്. ഓമന പി. വി. യും പ്രീയ നായരും ചേർന്ന് നിർമ്മിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ്. കല സിബി ജോസഫും ദിലീപ് ദാസ് പോസ്റ്റർ ഡിസൈനും നിർവഹിച്ചിരിയ്ക്കുന്നു. ചിത്രത്തിന്റെ സംവിധാന സഹായകരായ് പ്രവർത്തിച്ചത് അമൽരാജും സു​ഗന്യയുമാണ്.

ബേസിൽ സി. ജെ. ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിയ്ക്കുന്നത്.ഇന്ത്യൻ ക്രീയേറ്റിവ്‌ മൈൻഡ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡും കൊമ്പലിനാണ്. നിവേദ് മോഹൻ ദാസാണ് ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിയ്ക്കുന്നത്. സൗത്ത് ഇന്ത്യൻ ആർട്ട് ആൻഡ് കൾച്ചറൽ ഫിലിം അവാർഡിൽ മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച സൗണ്ട് ഡിസൈൻ എന്നീ അവാർഡുകൾ ചിത്രം സ്വന്തമാക്കി.

ബ്ളാക്ക് ബോർഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായിരുന്നു കൊമ്പൽ. IFTA ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്ത ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. നോബിൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ്, പൂനെ ഷോർട് ഫിലിം ഫെസ്റ്റിവൽ, ആശ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെ ഒഫീഷ്യൽ സെലക്ഷനും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cannes short film festival malayalam kombal