കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കാൻ ചലച്ചിത്രമേള മാറ്റിവെച്ചു. മേയ് 12 മുതൽ 23 വരെ നടക്കാനിരുന്ന കാൻ ചലച്ചിത്രമേള മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ജൂൺ അവസാനത്തിലോ ജൂലൈ ആദ്യവാരമോ ചലച്ചിത്രമേള സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. കൊറോണ വൈറസ് ബാധ ലോകമാനം ഭീതി വിതയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാൻ ചലച്ചിത്രമേളയുടെ 73-ാം പതിപ്പ് മാറ്റിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും പഴയതും പ്രൗഢോജ്ജ്വലവുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായ കാൻ ചലച്ചിത്രമേള എല്ലാ വർഷവും മേയ്മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. എന്നാൽ കൊറോണ ഭീതി കാരണം ഫ്രാൻസിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ് ഇപ്പോൾ. ഫ്രാൻസിലും അന്തർദ്ദേശീയ തലത്തിലെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്നും സംഘാടകർ പറയുന്നു.
സംഘാടകർ ചലച്ചിത്രമേളയുടെ പ്രാരംഭഘട്ട തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിൽ കൊറോണ പടർന്നു പിടിച്ചതോടെ ചലച്ചിത്രമേള റദ്ദാക്കേണ്ടത് അനിവാര്യമാവുകയായിരുന്നു. സാമൂഹിക അകലം വർദ്ധിപ്പിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനുമായി ഫ്രാൻസിലെ എല്ലാ റെസ്റ്റോറന്റുകളും കഫേകളും സിനിമാശാലകളും അടച്ചുപൂട്ടാൻ ഫ്രാൻസ് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് ഉത്തരവിട്ടിരുന്നു.
കൊറോണയെ തുടര്‍ന്നു എസ്എക്സ്എസ്ഡബ്ല്യു, എഡിന്‍ബര്‍ഗ്, ട്രിബിക്ക തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങളും മാറ്റിവച്ചിരുന്നു.
Read more: രൺവീർ ചിത്രം ’83’ റിലീസ് നീട്ടി