എഴുപത്തിയഞ്ചാമത് കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞിരിക്കുകയാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാൻ ചലച്ചിത്രമേളയിൽ തിളങ്ങി ഇന്ത്യൻ താരങ്ങളും. ചൊവ്വാഴ്ച, കാൻ ജൂറി അംഗവും ബോളിവുഡ് താരവുമായ ദീപിക പദുകോൺ, സൗത്ത് ഇന്ത്യൻ താരം തമന്ന ഭാട്ടിയ, ഉർവശി റൗട്ടേല എന്നിവർ റെഡ് കാർപെറ്റിൽ ചുവടുവെച്ചു. ഐശ്വര്യറായ് ബച്ചൻ, അഭിഷേക് ബച്ചൻ, മകൾ ആരാധ്യ ബച്ചൻ, പൂജ ഹെഗ്ഡേ എന്നിവരും കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയിട്ടുണ്ട്.
സബ്യസാചി ഡിസൈൻ ചെയ്ത സാരിയിലാണ് ദീപിക എത്തിയത്. ബ്ലാക്ക് ആൻഡ് ഗോൾഡ് കളർ കോമ്പിനേഷനിലുള്ള സാരിയും അലങ്കാരങ്ങളും റെട്രോ ലുക്കിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു.










ശരീരത്തോട് ചേർന്നു നിൽക്കുന്ന ഒരു മോണോക്രോം ഗൗണാണ് തമന്ന ധരിച്ചത്. ഷാലീന നഥാനിയാണ് തമന്നയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.


ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് തമന്ന കാനിലെത്തിയത്. ഫെസ്റ്റിവലിന്റെ ഭാഗമാകാൻ സാധിച്ചതിൽ തമന്ന സന്തോഷം പ്രകടിപ്പിച്ചിരുന്നു. “ഞാൻ വളരെ ആവേശത്തിലാണ്, ഇതിനെയൊരു ആദരമായി കാണുന്നു,” എന്നാണ് തമന്ന എഎൻഐയോട് പ്രതികരിച്ചത്. എ ആർ റഹ്മാൻ, പൂജ ഹെഗ്‌ഡെ, നവാസുദ്ദീൻ സിദ്ദിഖി, ആർ മാധവൻ, ശേഖർ കപൂർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.
ഉർവശി റൗട്ടേലയും കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റിൽ ആദ്യമായി ചുവടുവെച്ചു. വൈറ്റ് ഓഫ് ഷോൾഡർ റഫിൾ ഗൗൺ ആണ് ഉർവശി അണിഞ്ഞത്.


കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയനിൽ ആറ് ചിത്രങ്ങൾ അവതരിപ്പിക്കും. റോക്കട്രി – ദി നമ്പി ഇഫക്റ്റ് (ഹിന്ദി, ഇംഗ്ലീഷ്, തമിഴ്), ഗോദാവരി (മറാത്തി), ആൽഫ ബീറ്റാ ഗാമ (ഹിന്ദി), ബൂംബാ റൈഡ് (മിഷിംഗ്), ധുയിൻ (മൈഥിലി). നിറയെ തത്തകളുള്ള മരം (മലയാളം) എന്നിവയാണ് ചിത്രങ്ങൾ.