ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലൂങ് ഗോദാര്‍ദിനെ കേള്‍ക്കാന്‍ കാന്‍സിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. വിവിധ ദേശക്കാരായ മാധ്യമപ്രവര്‍ത്തകരെ ഫ്രഞ്ച് ഇതിഹാസം അഭിസംബോധന ചെയ്തത് ഫെയ്‌സ്ടൈം എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ്.

എണ്‍പത്തിയേഴുകാരനായ സംവിധായകന്റെ വാര്‍ത്താ സമ്മേളനത്തെ ‘ഗൊദാര്‍ദിയന്‍ ശൈലി’ എന്നാണ് ഫെസ്റ്റിവല്‍ പ്രേമികള്‍ വിശേഷിപ്പിച്ചത്. 1960കളിലെ നവതരംഗസിനിമാ (ന്യൂ വേവ്) പ്രസ്ഥാനത്തെ നയിച്ച സംവിധായകനോട്‌ സംസാരിക്കാനായി റിപ്പോര്‍ട്ടര്‍മാര്‍ ഒന്നിന് പിറകെ ഒന്നായി വന്നു. ഫ്രഞ്ച് നിരൂപകന്‍ ജെറാര്‍ഡ് ലെഫോര്‍ട്ട് ആണ് ഗോദാര്‍ദിനെ ഫോണിലൂടെ കാന്‍സുമായി ബന്ധപ്പെടുത്തിയത്.

ചരിത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള ഫെസ്റ്റിവലാണ് ഈ വര്‍ഷത്തെ കാന്‍സ്‌. ഫ്രാന്‍സിലെ തൊഴിലാളി സമരങ്ങളോടും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളോടും ഐക്യപ്പെട്ടുകൊണ്ട് ഗോദാര്‍ദിന്റെയും ഫ്രാങ്കോയിസ് ട്രോഫറ്റിന്റെയും നേതൃത്വത്തില്‍ കാന്‍സ്‌ ഫിലിം ഫെസ്റ്റിവെല്‍ നിര്‍ത്തിവച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്.

“എനിക്ക് ഒരുപാട് ഓര്‍മകളുണ്ട്. 1968 മേയിലെ കാര്യങ്ങളെയും നമ്മളെ വിട്ടുപോയ മനുഷ്യരെയും ഞാന്‍ ഓര്‍ക്കുന്നു.” 1968ലെ നിര്‍ത്തിവച്ച കാന്‍സ്‌ ഫെസ്റ്റിവലിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഗൊദാര്‍ദ് പറഞ്ഞു.


1698ലെ കാന്‍സ്‌ ചലച്ചിത്രമേള

1968ല്‍ മെയ് 10 മുതല്‍ 24 വരെ നടക്കാനിരുന്ന ഫെസ്റ്റിവല്‍ 17-ാം തീയതിയാണ് നിര്‍ത്തലാക്കുന്നത്. ഫ്രാന്‍സിലെ തൊഴിലാളികളും വിദ്യാര്‍ഥികളുമായി ഐക്യപ്പെട്ടുകൊണ്ട് ഫെസ്റ്റിവല്‍ നിര്‍ത്തിവയ്ക്കുന്നു എന്ന് പ്രഖ്യാപിക്കുന്നത് ഗൊദാര്‍ദും സംവിധായകനും നിര്‍മാതാവുമായ ക്ലൗഡേ ലേലൗചെയും ചേര്‍ന്നായിരുന്നു.

തന്റെ മുന്‍ ചിത്രങ്ങളായ സോഷ്യലിസം (2010), ഗുഡ്ബൈ റ്റു ലാംഗ്വേജ് (2014) എന്നീ സിനിമകളിലെ പോലെ ഫെയ്സ്‍‌ടൈം സംഭാഷണത്തിനിടയിലും ഗോദാര്‍ദ് കൂടുതലായി പങ്കുവച്ചത് കാഴ്ചയുടെ ഭാഷ അധഃപതിക്കുന്നു എന്ന സന്ദേഹമാണ്. “ഒരാള്‍ അയാളുടെ മനസില്‍ രൂപപ്പെടുത്തിയ ചിത്രത്തില്‍ നിന്നും വിപരീതമായി സിനിമയുടെ ദൃശ്യങ്ങളില്‍ പലരും എകാധിപത്യ സ്വഭാവം വച്ച് പുലര്‍ത്തുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്” ഗൊദാര്‍ദ് പറഞ്ഞു.

നിങ്ങള്‍ എല്ലായിടത്തും കാണുന്നതായ കാര്യങ്ങളെ അതുപോലെ കാണിക്കുകയല്ല, ദിവസവും നിങ്ങള്‍ കാണാതെ പോകുന്ന കാര്യങ്ങളെ കൂടി പ്രക്ഷകന്റെ മുന്നിലേക്ക് എത്തിക്കുന്നതായിരിക്കണം സിനിമ എന്ന് അഭിപ്രായപ്പെട്ട ഗോദാര്‍ദ് നല്ല സിനിമയെ താരതമ്യം ചെയ്തത് സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന കാറ്റലോണിയയുമായാണ്.

“നല്ല സിനിമ, ഞാന്‍ മനസിലാക്കുന്ന അതിന്റെ അര്‍ത്ഥത്തില്‍ കുഞ്ഞു കാറ്റലോണിയ പോലെയാണ്. അതിന്റെ നിലനില്‍പ്പ്‌ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ലോകസിനിമയെ തന്നെ മാറ്റിമറിച്ച സംവിധായകന് ലോക രാഷ്ട്രീയത്തെ കുറിച്ചും ഏറെ പറയാനുണ്ടായിരുന്നു. ” യൂറോപ്പില്‍ ജനാധിപത്യം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികളും യൂറോപ്പിന് അനുകൂലമല്ല. യൂറോപ്പുകാരുമായി താരതമ്യം ചെയ്‌താല്‍ ആഫ്രിക്കക്കാര്‍ ഒരുപാട് കുട്ടികളെ ഉണ്ടാക്കുന്നുണ്ട്. യൂറോപ്പിനെക്കാള്‍ സ്നേഹം ആഫ്രിക്കയിലുണ്ട് എന്നതിനാലാകാം ഒരുപക്ഷെ ഇത് സംഭവിക്കുന്നത്. ” രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കണിശത പാലിച്ച സിനിമകളുടെ സംവിധായകന്‍ പറഞ്ഞു.

ഇനിയും സിനിമകള്‍ ചെയ്യുമോ എന്ന ചോദ്യവും ഗൊദാര്‍ദിനെ തേടിയെത്തി. “തീര്‍ച്ചയായും. എനിക്ക് കഴിയുമെങ്കില്‍. അത് എന്നെ മാത്രം ആശ്രയിക്കുന്ന കാര്യമല്ല. എന്റെ കണ്ണുകളെ അത് അധികം ആശ്രയിക്കുന്നില്ല. എന്റെ കൈകളെ അത് ഏറെ ആശ്രയിക്കും. എന്റെ കാലുകളെയും അതിന് ആശ്രയിക്കേണ്ടതുണ്ട്. ”

ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ചുരുക്കാനുള്ള സമയമായിരിക്കുന്നു എന്ന് ലെഫോര്‍ട്ട് അറിയിച്ചു. എഴുന്നേറ്റ് തന്നെ നില്‍ക്കുകയായിരുന്നു റിപ്പോര്‍ട്ടര്‍മാര്‍ ഗൊദാര്‍ദിന് കൈയ്യടിച്ചു. കോള്‍ കട്ടാകുന്നതിന് മുന്‍പ് സ്ക്രീനിലേക്ക് നോക്കി ഗൊദാര്‍ദ് മന്ദഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ