കാൻസറിനു മുൻപും കാൻസറിനു ശേഷവും: കാൻസർ എന്ന രോഗത്തെ അതിജീവിച്ച ഓരോരുത്തർക്കും പറയാൻ പ്രകടമായ, തീക്ഷ്ണ അനുഭവങ്ങളുടെ രണ്ടു ദ്വന്ദ്വലോകങ്ങൾ കാണും. പ്രശസ്ത ബോളിവുഡ് അഭിനേത്രിയായ മനീഷ കൊയ്‌രാളയും പറയുന്നത് അനുഭവങ്ങളുടെ ചൂടുള്ള ഒരു കാൻസർ കാലത്തിന്റെ കഥ തന്നെയാണ്. കാൻസർ ബാധിതയായിരുന്ന മനീഷ രോഗവുമായി മല്ലിട്ട് ഏറെ നാൾ നീണ്ട ചികിത്സക്ക് ഒടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഒരു വലിയ രോഗപർവ്വം താണ്ടി നിൽക്കുമ്പോൾ പോയ്പോയ അസുഖനാളുകളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും കാൻസർ പഠിപ്പിച്ച പാഠങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മനീഷ കൊയ്‌രാള തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ (Healed: How Cancer Gave Me a New Life) എന്ന പുസ്തകത്തിൽ.
അസുഖം തന്റെ ജീവിതത്തിലേക്ക് ഒരു സമ്മാനം പോലെയാണ് കടന്നു വന്നതെന്നും തന്റെ കാഴ്ചകൾക്ക് കൂടുതൽ തെളിച്ചവും മനസ്സിന് സ്‌പഷ്ടതയും കാഴ്ചപ്പാടുകൾക്ക് മാറ്റവും വരാൻ കാൻസർ കാരണമായെന്നുമാണ് മനീഷ പറയുന്നത്. ആറു വർഷങ്ങൾക്കു മുൻപാണ് കാൻസറിന്റെ പിടിയിൽ നിന്നും മനീഷ മോചിതയായത്. രോഗം സമ്മാനിച്ച ആശങ്കകളും നിരാശയും അനിശ്ചിതത്വങ്ങളെയും രോഗം പഠിപ്പിച്ച പാഠങ്ങളെയുമെല്ലാം ഓർത്തെടുക്കുകയാണ് മനീഷ. അമേരിക്കയിലെ കാൻസർ ചികിത്സാ നാളുകളെ കുറിച്ചും ചികിത്സ കഴിഞ്ഞ് വീടെത്തിയതിനു ശേഷം ജീവിതം എങ്ങനെ പുനർനിർമ്മിച്ചു എന്നതിനെകുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് താരം.
വേദനയേറിയ, ഇരുണ്ട കാലത്തിന്റെ ഓർമ്മകളിൽ നിന്നും നോവിൽ നിന്നും താൻ കണ്ടെത്തിയ സത്യങ്ങളാണ് തന്റെ പുസ്തകമെന്നും തന്റെ അനുഭവങ്ങൾ ഏറ്റു പറയാനും ലോകത്തിനു മുന്നിൽ എല്ലാം വെളിപ്പെടുത്താനും ഏറെ ധൈര്യം വേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർക്കുന്നു. തന്നോടെന്ന പോലെ സത്യസന്ധമായി വായനക്കാരോടും തന്റെ കഥപറയണമെന്നാണ് താനാഗ്രഹിച്ചതെന്നും അവർ പറയുന്നു.
Overcoming cancer has been a lesson in self discovery and learning to love life again!! Dear friends,presenting you my book https://t.co/Nb8Gi19GFx pic.twitter.com/aPsH2WERzq
— Manisha Koirala (@mkoirala) November 10, 2018
ഏഴു വർഷങ്ങൾക്കു മുൻപാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാൻസറാണെന്ന് നിർണയിക്കപ്പെടുന്നത്. ഒരു പതിറ്റാണ്ടോളം താൻ തന്റെ ശരീരത്തെ പീഡിപ്പിക്കുകയായിരുന്നെന്നും അതിന്റെ അനന്തരഫലമായിരുന്നു അസുഖമെന്നും മനീഷ വെളിപ്പെടുത്തുന്നു. ” എന്റെ മോശം ലൈഫ്സ്റ്റൈൽ ആയിരുന്നു അസുഖങ്ങൾക്ക് പെട്ടെന്ന് ആക്രമിക്കാവുന്ന രീതിയിൽ എന്റെ ശരീരത്തെ ദുർബലമാക്കിയത്. കാൻസർ അല്ലെങ്കിൽ മറ്റേതെങ്കിലും അസുഖം എന്നെ പിടികൂടുമായിരുന്നു. തീർത്തും ഇരുണ്ട, ഏകാന്തമായ ഒരു രാത്രിയിൽ ഞാൻ അത്ഭുതത്തോടെ ആലോചിച്ചിട്ടുണ്ട്; എനിക്ക് സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ ഓർക്കുമ്പോൾ ഇതെത്ര നല്ലതായിരുന്നു എന്ന്,” മനീഷ എഴുതുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പബ്ലിഷ് ചെയ്ത മനീഷയുടെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിലാക്കാൻ സഹായിച്ചിരിക്കുന്നത് നീലം കുമാർ ആണ്.
“കാൻസർ എന്റെ ജീവിതത്തിലേക്ക് വന്നത് ഒരു സമ്മാനം പോലെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതെന്റെ കാഴ്ചയ്ക്ക് മൂർച്ചയേകി. എന്റെ മനസ്സിന് സുതാര്യത തന്നു. എന്റെ കാഴ്ചപ്പാടുകൾ മാറ്റി മറിച്ചു. മുൻപ് ഉണ്ടായിരുന്ന പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവവും ഉത്കണ്ഠയുമൊക്കെ മാറി ഞാൻ കുറേക്കൂടി സമാധാനപരമായൊരു അവസ്ഥയിലെത്തിച്ചേർന്നു,” മനീഷ പറയുന്നു.
നേപ്പാളിലെ പ്രശസ്തമായ കൊയ്‌രാള കുടുംബത്തിൽ ജനിച്ച മനീഷ കൊയ്‌രാള 1991 ൽ ‘സൗദഗർ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘1942: എ ലവ് സ്റ്റോറി’, ‘അകേലെ ഹം അകേലെ തും’, ‘ബോംബെ’, ‘ക്യാമോഷി: ദ മ്യൂസിക്കൽ’, ‘ദിൽ സെ’, ‘മൻ’, ‘ലജ്ജ’, ‘കമ്പനി’ പോലുള്ള നിരവധി ചിത്രങ്ങളിൽ പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മനീഷയ്ക്ക് സാധിച്ചു. അസുഖത്തെ തുടർന്ന് 2012 ൽ ബോളിവുഡിൽ നിന്നും ബ്രേക്ക് എടുത്ത മനീഷ പിന്നീട് അഞ്ചുവർഷങ്ങൾക്കു ശേഷമാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ‘ഡിയർ മായ’, നെറ്റ്ഫ്ളിക്സ് ‘ലസ്റ്റ് സ്റ്റോറീസ്’, ‘സഞ്ജു’ എന്നിവയിലെല്ലാം രണ്ടാം വരവിൽ മനീഷ അഭിനയിച്ചു.
തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല
” ആശങ്കകളോടെയാണ് ഞാനെന്റെ സെക്കന്റ് ഇന്നിംഗ്സ് ആരംഭിച്ചത്. മുൻപ് നായികാവേഷങ്ങൾ ചെയ്തിരുന്ന ഒരാളായതുകൊണ്ടു തന്നെ രണ്ടാം വരവിൽ സ്വഭാവനടി വേഷങ്ങൾ ഏറ്റെടുക്കൽ എനിക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഞാനതിൽ അനുഗ്രഹം കണ്ടെത്തി. വളരെ ആഴത്തിലുള്ള അനുഭവങ്ങളിലൂടെയും വികാരങ്ങളിലൂടെയും കടന്നു പോയതുകൊണ്ട് തന്നെ, ഓരോ കഥാപാത്രങ്ങളുടെയും സങ്കീർണ്ണതകളും സൂക്ഷ്മാംശങ്ങളും ലെയറുകളും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു,” മനീഷ എഴുതുന്നു.
തൊണ്ണൂറുകളൂടെ ആദ്യത്തിലായിരുന്നു തന്റെ സിനിമാ അരങ്ങേറ്റമെന്നും സിനിമയിൽ നിന്ന് അവസരം ലഭിച്ചപ്പോൾ തനിക്ക് 19 വയസ്സായിരുന്നു പ്രായമെന്നും അവർ ഓർക്കുന്നു. ” സിനിമ തുറന്ന വിശാലമായ ലോകവും പരിചയമില്ലായ്മയും എന്നെ തുടക്കത്തിൽ ഭയപ്പെടുത്തി. അധികം ലോകപരിചയമില്ലാത്ത, വളരെ ചെറുപ്പമായ എന്നെ പോലൊരു നേപ്പാളി പെൺകുട്ടിയ്ക്ക് ബോളിവുഡ് എന്നത് ഭയപ്പെടുത്തുന്ന ഒരനുഭവമായിരുന്നു. എങ്ങനെ ഫിലിം സെറ്റുകളിൽ പെരുമാറണം, ആശയവിനിമയം നടത്തണം എന്നൊന്നും അറിയാതെ ഞാൻ പുസ്തകങ്ങളുടെ പിറകിൽ ഒളിച്ചു. തങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ള മനുഷ്യരുമായി ഇടപഴകാനുള്ള എന്റെ ഭയങ്ങളിൽ നിന്നും അവയെന്നെ സംരക്ഷിച്ചു.”
Read more: നിറപുഞ്ചിരിയോടെ കാന്‍സറിനെ നേരിട്ട കഥ: മനീഷ കൊയ്‌രാളയുടെ ‘ഹീല്‍ഡ്’
പിന്നീട് തന്റെ ലജ്ജാശീലത്തിൽ നിന്നും ഉൾവലിയൽ സ്വഭാവത്തിൽ നിന്നും പുറത്തുവരണമെന്ന് താനാഗ്രഹിച്ചെന്നും അതിനായി മദ്യത്തിൽ അഭയം തേടിയെന്നും അവർ വെളിപ്പെടുത്തുന്നു. “മദ്യത്തിൽ ഞാൻ അഭയം കണ്ടെത്തി. അതെനിക്ക് ആത്മവിശ്വാസം തന്നു. മദ്യം ഇൻഹിബിഷൻ ഇല്ലാതെ സംസാരിക്കാൻ എന്നെ സഹായിച്ചപ്പോൾ, ആ ഫീലിംഗിനെ ഞാൻ സ്നേഹിച്ചുതുടങ്ങി. മദ്യം നൽകിയ ധൈര്യം പതിയെ എന്റെ മടിയും ലജ്ജയും ഇല്ലാതാക്കി. വളരെ എളുപ്പം ആളുകളുമായി ഇടപെടാൻ അതെന്നെ സഹായിച്ചു. അതോടെ കൂടുതൽ കൂടുതൽ ഞാൻ മദ്യപാനത്തെ ആശ്രയിച്ചു തുടങ്ങി. പാർട്ടികൾ എന്റെ ജീവിതത്തിന്റെ ഭാഗമായി. ഒന്നുകിൽ സുഹൃത്തുക്കൾ വീട്ടിലേക്ക് വരും. അല്ലെങ്കിൽ ഞാൻ അവരുടെ വീടുകളിലേക്ക് പോവും,” മനീഷ ഓർക്കുന്നു.
സ്കൂളിൽ പഠിക്കുമ്പോഴും താൻ ലജ്ജാശീലയായിരുന്നെന്നും ഉൾവലിഞ്ഞ പ്രകൃതമുള്ള തനിക്ക് പുസ്തകങ്ങളായിരുന്നു അന്ന് കൂട്ടായിരുന്നതെന്നും അവർ എഴുതുന്നു. ” അന്നൊക്കെ ഞാനൊരുപാട് പുസ്തകങ്ങൾ വായിച്ചിരിക്കുന്നു. എന്റെ സഹപാഠികൾ മിൽസ് ആൻഡ് ബൂൺസ് ഒക്കെ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അയൻ റാൻഡിനെ വായിക്കുകയായിരുന്നു,” മനീഷ പറയുന്നു.