scorecardresearch
Latest News

ചലച്ചിത്രോത്സവം ഒഴിവാക്കുകയല്ല, അതിജീവനത്തിന്റെ പതാകയായി ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്: ഡോ. ബിജു

കേരളത്തിന്റെ മാത്രമല്ല, ഏഷ്യയിലെ തന്നെ മുന്‍നിര ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ ഐഎഫ്എഫ്കെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നടത്താതിരിക്കുകയല്ല വേണ്ടത്, മറിച്ചു കേരളത്തിന്റെ അതിജീവനത്തിന് ഉപയോഗപ്പെടും വിധം ലോകശ്രദ്ധാ കേന്ദ്രം ആക്കുകയാണ് വേണ്ടത്

Dr Biju on cancelling IFFK 2018
Dr Biju on cancelling IFFK 2018

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവു കുറയ്ക്കാനായി എല്ലാ ആഘോഷങ്ങളും സര്‍ക്കാര്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ്.  സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്കെ)വരെയുള്ള സാംസ്കാരിക പരിപാടികള്‍ക്കായി ചെലവഴിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തിന്റെ മാത്രമല്ല, ഏഷ്യയിലെ തന്നെ മുന്‍നിര ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ ഐഎഫ്എഫ്കെ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനത്തിന്  അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.  ഡിസംബര്‍ ഏഴു മുതല്‍ പതിനാലു വരെ തിരുവനന്തപുരത്ത് നടക്കാനിരുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിമൂന്നാം പതിപ്പാണ്‌ സര്‍ക്കാര്‍ തീരുമാന പ്രകാരം റദ്ദ് ചെയ്യാന്‍ പോകുന്നത്.  ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സര്‍ക്കാര്‍ ഉത്തരവിനെ  അംഗീകരിക്കുന്നു എന്ന് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു.

Read More: സര്‍ക്കാര്‍ നിലപാടിനൊപ്പം അക്കാദമി എന്ന് ബീനാ പോള്‍

എന്നാല്‍ ഒരു ദുരന്തത്തെ അതിജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല, കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണെന്ന ശക്തമായ അഭിപ്രായ പ്രകടനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു.

ലോക ചരിത്രം പരിശോധിച്ചാൽ എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക് എത്ര വലുതായിരുന്നു എന്ന് വ്യക്തമാകും, ഫെയ്സ്‌ബുക്കിലൂടെ ഡോ.ബിജു തന്റെ പ്രതികരണം രേഖപ്പെടുത്തി.

“കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്ര മേള ഈ വർഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവിൽ കലകളെയും കലാ സദസ്സുകളെയും, കലാപ്രവർത്തനങ്ങളെയും ഇല്ലാതാക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അത് നമ്മൾ പിന്തുടരുന്നത് വലിയ സാംസ്കാരിക അപചയം തന്നെയാണ്. കേരളത്തിന്റെ അഭിമാനമായ ഈ കലാമേളയെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എങ്ങിനെ ഒരു ജനതയുടെ അതിജീവനത്തിന്റെ അടയാളപ്പെടുത്തൽ ആയി പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന സാധ്യത ആരായാതെ, ഇത് നിർത്തി ആ പണം ആശ്വാസ നിധിയിൽ ഇട്ടേക്കൂ എന്ന ലളിതവൽക്കരണത്തിലേക്ക് പോകുന്നത് ശരിയല്ല. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്തിയ ശേഷം മേള നടത്താൻ എന്തെങ്കിലും ബദൽ മാർഗ്ഗങ്ങൾ ഉണ്ടോ എന്ന അന്വേഷണം നടത്താതെ മേള ഉപേക്ഷിക്കുന്നത് ഒട്ടും ആശാവഹമായ ഒരു സമീപനം അല്ല. കലയെ മനുഷ്യന്റെ ഇച്ഛാശക്തി വർദ്ധിപ്പിക്കാനും അതിജീവനത്തിന് പ്രേരിപ്പിക്കാനും പറ്റുന്ന തരത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്,” ഡോ.ബിജു പറയുന്നു.

കേരള ചലച്ചിത്രമേള ഈ വർഷം നമ്മുടെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നിർത്തലാക്കുകയല്ല വേണ്ടത്, മറിച്ചു മേളയെ നമ്മുടെ അതിജീവനത്തിന് ഉപയോഗപ്പെടുംവിധം ലോകശ്രദ്ധാകേന്ദ്രം ആക്കുകയാണ് വേണ്ടതെന്നും ഡോ.ബിജു കുറിക്കുന്നു: ” ഈ മേളയെ പ്രളയ അതിജീവനത്തിന് കല ഉപയോഗിച്ചുള്ള ഒരു പൊട്ടെൻഷ്യൽ ഇവന്റ് ആക്കി ഉയർത്തുവാൻ നമുക്ക് ആകും. ഒരു നാടിന്റെ അതിജീവനത്തിന് കലയെ എങ്ങനെ സൂക്ഷ്മമായി കലാപരമായി ഉപയോഗപ്പെടുത്താം എന്നതിന് ലോകത്തിന് തന്നെ മാതൃക ആകാൻ നമുക്ക് സാധിക്കും. അതിനുള്ള ഒരു അവസരം കൂടിയാണ് നമുക്ക് മുന്നിൽ ഇപ്പോഴുള്ളത്. ഒരു കാര്യം വേണ്ട എന്ന് വയ്ക്കുന്നത് എളുപ്പമാണ്, യാതൊരു ധീരതയും അതിന് ആവശ്യമില്ല. പക്ഷെ ചലച്ചിത്ര മേള ഈ പ്രത്യേക സാഹചര്യത്തിൽ അതിജീവനത്തിന്റെ പതാക വാഹകമായി എങ്ങനെ മാറ്റി മറിക്കാം എന്നാണ് നമ്മൾ ആലോചിക്കേണ്ടതെന്നും അതിനുള്ള നിർദേശങ്ങളും ഡോ.ബിജു തന്റെ നീണ്ടകുറിപ്പിൽ വിശദമായി പ്രതിപാദിക്കുന്നു.

രണ്ടു പോസ്റ്റുകളിലായിട്ടാണ് ഡോ. ബിജു തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. പോസ്റ്റിന്റെ പൂർണരൂപം:

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cancelling cultural programmes international film festival of kerala in the wake of kerala floods is suicidal opines dr biju