കാലിഫോര്‍ണിയയെ കാട്ടുതീ വിഴുങ്ങുന്നതിന് ഒരു ദിവസം മുമ്പ് വരെ ലൊസാഞ്ചല്‍സിലും മാലിബുവിലും ഉണ്ടായിരുന്നതായി നടി ശ്രുതി ഹാസന്റെ ട്വീറ്റ്. ഇപ്പോള്‍ കാണുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവിടെയുള്ളവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും ശ്രുതി ട്വിറ്ററില്‍ കുറിച്ചു.

വിശ്വസിക്കാനാകാത്ത വേഗത്തിലാണ് അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തിലേക്ക് കാട്ടുതീ പടര്‍ന്നു പിടിച്ചത്. മരിച്ചവരുടെ എണ്ണം ഇതുവരെ 11 ആയി. 35 പേരെ കാണാതായിട്ടുണ്ട്. രണ്ടര ലക്ഷം പേരെയാണ് കാട്ടുതീ മൂലം മാറ്റിപ്പാര്‍പ്പിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന തുടരുകയാണ്.

ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കർദാഷിയൻ, ഹോളിവുഡ് നടൻ റെയ്ൻ വിൽസൺ, സംവിധായകൻ ഗ്യുലെർമോ ഡെൽ ടോറോ, ഗായിക മെലിസ എതെറിഡ്ജ് തുടങ്ങിയവരും കാട്ടുതീ കാരണം വീടൊഴിഞ്ഞവരുടെ കൂട്ടത്തിലുണ്ട്.

Read More: കാട്ടുതീ വീട്ടുമുറ്റത്തെത്തി; ഹോളിവുഡ് ലോകത്തെ പ്രമുഖരും വീടുപേക്ഷിച്ചു

കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ‘വൂള്‍സി ഫയര്‍’ എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയില്‍ 70,000 ഏക്കര്‍ കത്തി നശിക്കുകയും 6700 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങുകയും ചെയ്തു. നിരവധി വന്യമൃഗങ്ങളും ചത്തു. ബുട്ടി കൗണ്ടിയിലെ 35 പേരെയാണ് കാണാതായത്.

ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും അഗ്നി താണ്ഡവമാടുകയാണ്. മാലിബു ബീച്ച് നഗരത്തിലും തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി. നഗരത്തിലേക്കും തീ പടര്‍ന്നതോടെ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചു.

കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതല്‍. കാലാബസാസിലാണ് ടിവി താരം കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി താരങ്ങള്‍ താമസിക്കുന്നത്. മാലിബുവിലെ വീട്ടില്‍ നിന്ന് മാറിയതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും മാറി താമസിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ