മലയാളികൾ ഈ ഓണത്തിന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സംവിധായകൻ മഹേഷ് നാരായണനും ഫഹദ് ഫാസിലും കൈകോർക്കുന്ന ‘സീ യു സൂൺ’. ചിത്രത്തിന്റെ ട്രെയിലർ കൂടി റിലീസിനെത്തിയതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.
ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫഹദിന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
അദിതി റാവുവും ജയസൂര്യയും അഭിനയിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ വിജയകരമായ വേള്‍ഡ് പ്രീമിയറിനു ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് ‘സീ യൂ സൂൺ’. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീയു സൂണ്‍’. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്.
കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.