സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം കേരളപ്പിറവി ദിനത്തിൽ യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമിന് സി സ്പെയ്സ് (C Space) എന്നാണ് പേരു നൽകിയിരിക്കുന്നത്. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
“തിയേറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല. എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കും. ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 01 മുതൽ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും,” സജി ചെറിയാൻ പറയുന്നു.
മറ്റ് മീഡിയങ്ങളിൽ ഒന്നും ലഭ്യമല്ലാത്ത രണ്ടായിരത്തോളം പഴയ ചിത്രങ്ങളും സർക്കാർ ഒടിടിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സി സ്പേസ് എന്ന സര്‍ക്കാര്‍ ഒ.ടി.ടി മറ്റു സര്‍ക്കാര്‍ സംരംഭങ്ങളെ പോലെ സാമ്പത്തിക നഷ്ടമാകുമെന്ന വിമര്‍ശനങ്ങളോടും മന്ത്രി പ്രതികരിച്ചു. “ദുർവ്യയം ആണെന്ന വിമർശനങ്ങൾ അതിന്‍റേതായ മെറിറ്റിൽ സ്വീകരിക്കുന്നു. കുത്തക കമ്പനികളോട് മത്സരിക്കുക എന്ന ഉദ്ദേശത്തിൽ അല്ല സർക്കാർ ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്. സിനിമകൾക്ക് മുൻകൂട്ടി പണം വാങ്ങുന്ന രീതിയല്ല ഇവിടെ സ്വീകരിക്കുന്നത്. Pay per view രീതിയിൽ ആണ് നിർമാതാവിന് പണം ലഭിക്കുന്നത്. അതിനാൽ തന്നെ മുൻകൂട്ടി പണം നൽകി നഷ്ടം വരുന്ന സാഹചര്യം ഉണ്ടാവുകയില്ല. ആദ്യഘട്ടത്തിൽ ഒട്ടേറെ കൊമേർഷ്യൽ ഫിലിംസ് അല്ല നമ്മൾ പ്രതീക്ഷിക്കുന്നത്. നിലവിൽ മറ്റെവിടെയും ലഭ്യമല്ലാത്ത രണ്ടായിരത്തോളം പഴയ മലയാള, മറ്റ് ഭാഷാചിത്രങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. അതിനൊപ്പം തന്നെ ഐഎഫ്എഫ്കെയിൽ വരുന്ന മികച്ച ചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സമാന്തരസിനിമകൾ, വാണിജ്യചിത്രങ്ങൾ എന്നിവയും ലഭ്യമാക്കും. സിനിമാരംഗത്തെ പ്രഗത്ഭരുടെ സേവനം ഉപയോഗിച്ചുകൊണ്ടാണ് ഈ തെരെഞ്ഞെടുപ്പ് നടത്തുക. സർക്കാരിന്‍റേതായി വരുന്ന എല്ലാം മോശമാകും എന്ന മുൻധാരണ മാറ്റിവെച്ചു നമുക്കൊന്നു ശ്രമിച്ചു നോക്കാം. അടുത്ത ഘട്ടത്തിൽ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമും പരിഗണനയിലുണ്ട്,” മന്ത്രി കൂട്ടിച്ചേർക്കുന്നു.