കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ബിടിഎസിനോളം യൂത്തിനെ സ്വാധീനിച്ച മറ്റൊരു ബാൻഡ് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ആണ് ബാങ്റ്റൺ ബോയ്സ് അഥവാ ബിടിഎസ്. 2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ് യുവാക്കൾ ചേർന്ന് ബിടിഎസ് ബാൻഡിന് രൂപം നൽകിയത്. വി, സുഗ, ജങ് കൂക്ക്, റാപ്പ് മോൺസ്റ്റർ, ജെ-ഹോപ്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തോടെ തന്നെ ഇവർ സംഗീതലോകത്ത് തങ്ങളുടെ വരവറിയിച്ചു. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് ബിടിഎസിന്റെ പ്രയാണം തുടരുകയാണ്. കേരളത്തിലും ബിടിഎസിന് വലിയൊരു ആരാധകവൃന്ദമുണ്ട്.
സോഷ്യൽ മീഡിയയിലെ താരകുടുംബമായ നടൻ കൃഷ്ണകുമാറിന്റെ വീട്ടിലുമുണ്ട് രണ്ട് കട്ട ബിടിഎസ് ഫാൻസ്. കൃഷ്ണകുമാറിന്റെ ഇളയ മക്കളായ ഇഷാനിയും ഹൻസികയും. സഹോദരിമാരുടെ ബിടിഎസ് പ്രേമത്തെ കുറിച്ച് ചേച്ചി അഹാന തന്റെ യൂട്യൂബ് ചാനലിലൂടെ മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ബിടിഎസിന്റെ ബട്ടർ ഡാൻസിന് കവർ വേർഷനുമായി എത്തിയിരിക്കുകയാണ് ഇരുവരും.
ബിടിഎസിന്റെ ‘ബട്ടർ’ സകല റെക്കോർഡുകളും ഭേദിച്ച് തരംഗമായി മാറിയ ഒന്നാണ്. വീഡിയോ സംപ്രേഷണം ചെയ്ത ആദ്യ 12 മിനിറ്റിൽ തന്നെ ആരാധകർ ബട്ടറിനെ ഏറ്റെടുക്കുകയും ഒരു കോടി വ്യൂ എന്ന മാന്ത്രിക സംഖ്യയുമായി യൂട്യൂബ് ഹിറ്റ് ചാർട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ് ഇന്ന്.
Read more: അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ