BTS, B-side version of Dynamite: കെ-പോപ്പ് ബോയ് ബാൻഡ് ബിടിഎസ് ചൊവ്വാഴ്ച ഡൈനാമൈറ്റിന്റെ ബി-സൈഡ് പതിപ്പ് പുറത്തിറക്കി. അവരുടെ ആദ്യത്തെ ഇംഗ്ലീഷ് സിംഗിളായ ഡൈനാമൈറ്റ് 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന യൂട്യൂബ് റെക്കോർഡ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ബി- സൈഡ് പതിപ്പ് റിലീസ് ചെയ്തിരിക്കുന്നത്.
ഡൈനാമൈറ്റ് ഗാനം ചിത്രീകരിച്ചതിനു പിന്നിലെ കഥയാണ് പുതിയ ബി- സൈഡ് പതിപ്പിൽ ഉള്ളത്. ഗാനചിത്രീകരണത്തിനിടെ കൊറിയൻ ബാൻഡ് ആസ്വദിച്ച എല്ലാ രസകരമായ കാര്യങ്ങളും പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 21ന് രാവിലെ ഇന്ത്യൻ സമയം 9:30യ്ക്ക് ആയിരുന്നു ബിടിഎസ് ഡൈനാമൈറ്റ് പുറത്തിറക്കിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഡൈനാമൈറ്റ് 86.4 ദശലക്ഷത്തിലധികം വ്യൂസ് ആണ് നേടിയത്. അതോടെ കൊറിയൻ പോപ്പ് ബാൻഡായ ബ്ലാക്ക്പിങ്കിന്റെ യൂട്യൂബ് റെക്കോർഡാണ് ഡൈനാമൈറ്റ് തകർത്തത്. 24 മണിക്കൂറിനുള്ളിൽ 86.3 ദശലക്ഷം വ്യൂസ് ആയിരുന്നു ബ്ലാക്ക്പിങ്കിന്റെ റെക്കോർഡ്.
ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ആണ് ബാങ്റ്റൺ ബോയ്സ് അഥവാ ബി.ടി.എസ്. 2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ് യുവാക്കൾ ചേർന്ന് ബി.ടി.എസ് ബാൻഡിന് രൂപം നൽകിയത്. വി, സുഗ, ജങ് കൂക്ക്, റാപ്പ് മോൺസ്റ്റർ, ജെ-ഹോപ്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തോടെ തന്നെ ഇവർ സംഗീതലോകത്ത് തങ്ങളുടെ വരവറിയിച്ചു. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് ബി.ടി.എസിന്റെ പ്രയാണം തുടരുകയാണ്.