Brother’s Day movie release: അടി, ഇടി, ഡാൻസ്, ഓളം, ത്രില്ലർ- ഒരു ഉത്സവകാലത്തിന് ഇണങ്ങിയ ചേരുവകളോടെയാണ് ‘ബ്രദേഴ്സ് ഡേ’യുടെ വരവ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോണി എന്ന നായകകഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ആക്ഷൻ, ഹൊറർ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും മാറി ഹ്യൂമര്‍ ടച്ചുള്ള ഒരു കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു എന്നതും ‘ബ്രദേഴ്സ് ഡേ’യുടെ പ്രത്യേകതയാണ്.

നിയോഗം പോലെ പൃഥ്വിരാജ്

2009 ലാണ് കലാഭവൻ ഷാജോണിന് ഈ ചിത്രത്തിന്റെ ത്രെഡ് ലഭിക്കുന്നത്. അഭിനയത്തിന്റെ ഇടവേളകളിലൊക്കെ ആ കഥാതന്തു വികസിപ്പിച്ചും റീ വർക്കു ചെയ്തും ഒടുവിൽ 2016 ഓടെ ഷാജോൺ തിരക്കഥ പൂർത്തിയായി. പൃഥ്വിരാജിനെ നായകനാക്കി മറ്റാരുടെയെങ്കിലും സംവിധാനത്തിൽ തന്റെ തിരക്കഥ സിനിമയാക്കുക എന്നതായിരുന്നു ഷാജോണിന്റെ പ്ലാൻ. എന്നാൽ തിരക്കഥയ്ക്കൊപ്പം സംവിധാനം കൂടെ ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഷാജോണിനെ നയിച്ചത് പൃഥ്വിരാജ് ആണ്.

“2009 ലാണ് ഇങ്ങനെ ഒരു ത്രെഡ് എനിക്ക് കിട്ടുന്നത്. അന്ന് ചെറുതായൊന്നു വർക്ക് ചെയ്തു വച്ചു. ‘മൈ ബോസ്’, ‘ദൃശ്യം’ പോലുള്ള സിനിമകൾ കഴിഞ്ഞതോടെ അഭിനയത്തിൽ തിരക്കായി. ഇതിൽ നിന്നുള്ള ഫോക്കസ് മാറിപ്പോയി, അതിനിടയിലും സമയം കിട്ടുമ്പോഴൊക്കെ ഈ സബ്ജെക്റ്റ് പൊടിത്തട്ടി മിനുക്കി വയ്ക്കുന്നുണ്ടായിരുന്നു. 2016 ലാണ് ഞാൻ രാജുവിനോട് ഇതിന്റെ കഥ പറയുന്നത്. പൃഥ്വിയാണ് പറഞ്ഞത് ‘ചേട്ടൻ ഈ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ ഡേറ്റ് തരാം’ എന്ന്. എത്രയോ ആളുകൾ പൃഥ്വിയുടെ ഡേറ്റിനായി കാത്തിരിക്കുന്നു, തന്നെ തേടിയെത്തുന്ന തിരക്കഥകൾ സൂക്ഷിച്ചു മാത്രം തെരെഞ്ഞെടുക്കുന്ന ഒരു നടൻ കൂടിയാണ് പൃഥ്വി- അങ്ങനെ ഒരാൾ ഡേറ്റ് തരുമ്പോൾ ആ അവസരം നഷ്ടപ്പെടുത്തരുതെന്ന് തോന്നിയത്. നമ്മളിതു ചെയ്യുന്നു എന്നു രാജു വാക്ക് തന്നതോടെ പിന്നെ എല്ലാം ട്രാക്കിലായി. സത്യത്തിൽ പൃഥ്വിരാജാണ് നിയോഗമായത്,” കലാഭവൻ ഷാജോൺ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Brothers Day, Kalabhavan Shajohn, ബ്രദേഴ്സ് ഡേ, കലാഭവൻ ഷാജോൺ, Prithviraj, പൃഥ്വിരാജ്, Prithviraj Brothers Day, Brothers Day release, ബ്രദേഴ്സ് ഡേ റിലീസ്, കലാഭവൻ ഷാജോൺ അഭിമുഖം, Kalabhavan Shajohn interview, Kalabhavan Shajohn Brothers Day, Prithviraj new release, Brothers Day photos, Brothers day trailer, Prithviraj photos, Prasanna, പ്രസന്ന, Prasanna Brothers day photos, Aishwarya Lekshmi, Aishwarya Lekshmi Brothers day, Madonna Sebastian, Prayaga Martin, Miya George, Miya George Brothers day, Madonna Sebastian Brothers day, Prayaga Martin Brothers day, പ്രയാഗ മാർട്ടിൻ, മിയ, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

Brother’s Day Plot: കഥാപരിസരം

എറണാകുളത്തെ ചെല്ലാനം പോലുള്ള ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ് കഥാനായകൻ റോണി. ഹീറോയിസമില്ലാത്ത, അതിമാനുഷികനല്ലാത്ത ഒരു നായകൻ എന്നാണ് റോണിയെ സംവിധായകൻ വിശേഷിപ്പിക്കുന്നത്. ജോയിസ് ഇവന്റ് മാനേജ്മെന്റിലെ കാറ്ററിംഗ് തൊഴിലാളിയാണ് റോണി. ജോയി ആയെത്തുന്നത് കോട്ടയം നസീറാണ്. അവരുടെ ഇടയിലേക്ക് ചാണ്ടിയുടെ (വിജയ രാഘവൻ) കടന്നു വരവും റോണിയുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും സഹോദരിസഹോദരബന്ധവും ഒക്കെയാണ് സിനിമയ്ക്ക് വിഷയമാകുന്നത്.

നാലു നായികമാരും ചിത്രത്തിലുണ്ട്. യുവനായികമാരിൽ ശ്രദ്ധേയരായ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ എന്നിവരാണ് ‘ബ്രദേഴ്സ് ഡേ’യിൽ ഒന്നിക്കുന്നത്. സഹോദരി- സഹോദരബന്ധത്തിന്റെ കഥ കൂടി പറയുന്ന ചിത്രം ഹിറ്റ്‌ലർ മാധവൻകുട്ടിയുടെ ന്യൂജനറേഷൻ വേർഷനാണോ എന്നു തോന്നുമെങ്കിലും അത്തരമൊരു കഥയല്ല ചിത്രം പറയുന്നതെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. നാലു നായികമാർക്കും തമ്മിൽ ബന്ധമില്ലെന്നും അതേസമയം അവർക്ക് നാലു പേർക്കും ചിത്രത്തിൽ തുല്യപ്രാധാന്യം ഉണ്ടെന്നും ഷാജോൺ പറയുന്നു.

Read more: എന്റെ നായകൻ ന്യൂജെൻ ഹിറ്റ്‌ലർ മാധവൻകുട്ടിയല്ല: കലാഭവൻ ഷാജോൺ

Brother’s Day Cast: അഭിനേതാക്കൾ

പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ ജോർജ്ജ് എന്നിവർക്കൊപ്പം തന്നെ തമിഴ് നടൻ പ്രസന്നയും ചിത്രത്തിൽ ഉണ്ട്. പ്രതിനായക വേഷത്തിലാണ് പ്രസന്ന ചിത്രത്തിലെത്തുന്നത്. പ്രസന്നയുടെ ആദ്യമലയാളചിത്രം എന്ന പ്രത്യേകതയും ‘ബ്രദേഴ്സ് ഡേ’യ്ക്ക് ഉണ്ട്. തമിഴ് താരം സച്ചിനും ചിത്രത്തിലുണ്ട്. കോട്ടയം നസീർ, വിജയരാഘവൻ, ഐമ, ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്ജ്, പൊന്നമ്മ ബാബു, പ്രേം പ്രകാശ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, വിനോദ് കെടാമംഗലം, നസീർ സംക്രാന്തി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

Brother’s Day, Music: ബ്രദേഴ്സ് ഡേയുടെ സംഗീതം

ഫോർ മ്യൂസിക്കിനു വേണ്ടി നാദിർഷയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. തമിഴ് താരം ധനുഷും ചിത്രത്തിനു വേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഈ വരികൾ രചിച്ചിരിക്കുന്നതും ധനുഷ് തന്നെ. ധനുഷ് ആദ്യമായിട്ടാണ് മലയാളത്തിൽ പാടുന്നത്.

Brother’s Day Production: അണിയറയിൽ

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. പതിനഞ്ചു കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് അഖിലേഷ് മോഹനും നിർവഹിക്കുന്നു. ചിത്രത്തിന് ആദ്യം ‘സൂപ്പർ ബ്രദർ’ എന്നായിരുന്നു പേരു നൽകിയിരുന്നത്. എന്നാൽ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘ബിഗ് ബ്രദർ’ എന്ന് പ്രഖ്യാപിച്ചതോടെ ‘ബ്രദേഴ്സ് ഡേ’ എന്നാക്കി മാറ്റുകയായിരുന്നു. ഷാജോണിന്റെ ഭാര്യയാണ് ‘ബ്രദേഴ്സ് ഡേ’ എന്ന പേര് നിർദ്ദേശിച്ചത്.

Read more: ഇല്ലുമിനാറ്റിയും ഡാര്‍ക്ക് മൂഡുമില്ല, കളര്‍ഫുള്ളായി പൃഥ്വിരാജ്; ബ്രദേഴ്‌സ് ഡേ ഫസ്റ്റ് ലുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook