മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സംവിധാനവും നിര്‍വഹിക്കുന്ന ‘ബ്രോ ഡാഡി’ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വൈകാരികമായ കുറിപ്പിലൂടെ പൃഥ്വിരാജിന് നന്ദി പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവും ഭാര്യയുമായ സുപ്രിയ.
“ബ്രോ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി,” സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ മകള്‍ അലംകൃതയുടെ കവിതാ സമാഹാരവും സുപ്രിയ അച്ഛന് സമര്‍പ്പിച്ചിരുന്നു. നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
‘ബ്രോ ഡാഡി’യില്‍ പൃഥ്വിയ്ക്കും മോഹന്‍ലാലിനും പുറമെ ലാലു അലക്സും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രവും കൂടിയാണ് ‘ബ്രോ ഡാഡി’.
Also Read: അമിതപ്രതീക്ഷകളില്ലെങ്കിൽ ആസ്വദിക്കാവുന്ന കൊച്ചു ചിത്രം; ‘ബ്രോ ഡാഡി’ റിവ്യൂ