പിണറായി മന്ത്രിസഭയിൽ നിന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ ഏറെ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർത്ഥിയും നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികാലത്തെല്ലാം സ്തുത്യർഹമായ രീതിയിൽ സേവനം കാഴ്ച വയ്ക്കുകയും ചെയ്ത ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയിൽ പരിഗണിക്കാതെ പോയത് ജനങ്ങൾക്ക് ഇടയിൽ വലിയ ഞെട്ടലേൽപ്പിക്കുകയാണ്. ഈ വിഷയത്തിൽ പിണറായി വിജയനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് രാഷ്ട്രീയ, സാമൂഹിക, സിനിമാരംഗങ്ങളിലുള്ള പ്രമുഖർ.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഗീതു മോഹൻദാസ്, ഉണ്ണിമായ പ്രസാദ്, സംയുക്ത മേനോൻ, മാല പാർവ്വതി, ഗായിക സിതാര കൃഷ്ണകുമാർ, സയനോര തുടങ്ങി നിരവധി പേരാണ് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
“ഇതിനേക്കാൾ മികച്ചത് ഞങ്ങൾ അർഹിക്കുന്നു! ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ. ഇക്കാലത്തെ ഏറ്റവും പ്രാപ്തിയുള്ള നേതാക്കളിൽ ഒരാൾ, അപൂർവ്വമാണ്, ശരിക്കും! ഏറ്റവും കഷ്ടതകൾ നിറഞ്ഞ മെഡിക്കൽ അത്യാഹിതങ്ങളിലും ശൈലജ ടീച്ചർ സംസ്ഥാനത്തെ നയിച്ചു.
ജന്മനാടായ കണ്ണൂരിലെ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് 60,963 വോട്ടുകൾക്ക് അവർ വിജയിച്ചു! തകർപ്പൻ വിജയം! 140 അംഗ നിയമസഭയിലെ ഏറ്റവും ഉയർന്ന മാർജിൻ! കോവിഡിന്റെ രണ്ടാം തരംഗത്തോട് ഞങ്ങൾ ഇപ്പോഴും പോരാടുമ്പോൾ, സിപിഐഎം അവരെ പാർട്ടി വിപ്പ് റോളിലേക്ക് ഇറക്കിവിടാൻ തീരുമാനിക്കുന്നു? ഇത് സത്യമാണോ?
ഇതിന് ന്യായീകരണങ്ങളൊന്നുമില്ല! ജനങ്ങൾ അവരുടെ നേതാക്കളെ തിരഞ്ഞെടുത്തു, ഈ വേർത്തിരിവ് പാർട്ടിയെ വളരെ സംശയാസ്പദമായ നിലയിലാക്കുന്നു. പ്രാപ്തിയുള്ളതും അതിവേഗമുള്ളതുമായ ഭരണത്തെക്കാൾ പ്രധാനം മറ്റെന്താണ്! ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക!,” പാർവതി തിരുവോത്ത് കുറിക്കുന്നു.
ഗൗരിയമ്മയെ പോലെ ശൈലജ ടീച്ചറും തഴയപ്പെട്ടു എന്നോർമ്മിപ്പിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ പോസ്റ്റ്.

“ഷൈലജ ടീച്ചർ ഇല്ലെങ്കിൽ.. അത് നെറികേടാണ്,” എന്നാണ് നടി മാല പാർവതി കുറിക്കുന്നത്.
എന്തായാലും, രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ കെകെ ശൈലജയുടെ അഭാവം കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുകയാണ്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരൊന്നും വേണ്ട എന്നാണ് ഭരണകക്ഷിയായ സിപിഎമ്മിന്റെ നിലപാട്. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറെ പ്രശംസിക്കപ്പെട്ട മന്ത്രിയാണ് കെകെ ശൈലജ ടീച്ചർ. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർത്ഥിയെന്ന പ്രത്യേകതയോടെയാണ് സിപി എമ്മിന്റെ ഉരുക്കുകോട്ടയായ മട്ടന്നൂരിൽ നിന്ന് കെകെ ശൈലജ ഇത്തവണ നിയമസഭയിലെത്തിയത്.
Read more: കെ. കെ. ശൈലജ പുതിയമുഖത്തിൽ ഇല്ല, ലോകത്തിന് മുന്നിലെ കേരളത്തിന്റെ മുഖം