ദുൽഖറിനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത നൃത്തസംവിധായിക ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ‘ഹേ സിനാമിക’ വ്യാഴാഴ്ചയാണ് റിലീസിനെത്തിയത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്.
ദുൽഖറിനെ കുറിച്ച് ബ്രിന്ദ മാസ്റ്റർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ദുൽഖർ ഒരു നല്ല പെർഫോമറാണ്. സംസാരപ്രിയനായ ഒരു ദുൽഖറിനെ ഹേ സിനാമികയിൽ കാണാം. ചിത്രത്തിൽ ദുൽഖർ പാടിയിട്ടുമുണ്ട്. ഡാൻസിലും പാട്ടിലുമൊക്കെ ഒരുപാട് കഴിവുള്ള ആളാണ്. ലാളിത്യമാണ് ദുൽഖറിന്റെ പ്രത്യേകത, മമ്മൂട്ടി സാറിന്റെ മകനല്ലേ ആ ലാളിത്യമില്ലാതിരിക്കുമോ?,”ബ്രിന്ദ മാസ്റ്റർ പറയുന്നു.
മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകനും ദുൽഖറായിരുന്നു.
മദൻ കർക്കിയാണ് ചിത്രത്തിന്റെ രചന. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്.