ചെന്നൈ: ഒരു അഭിനേതാവിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകം സ്റ്റാര്‍ഡം ആകുന്ന തമിഴ് സിനിമാ ഇന്‍ഡസ്ട്രിയുടെ ശീലങ്ങളെ തച്ചുടച്ചാണ് സേതുപതിയുടെ യാത്ര. 13 വര്‍ഷം മുമ്പാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്കുളള സേതുപതിയുടെ വരവ്. പല സിനിമകളിലും വളരെ ചെറിയ റോളുകളില്‍ അദ്ദേഹം മുഖം കാട്ടി. പിന്നീട് പല ചിത്രങ്ങളിലും സ്ക്രീന്‍ നിറഞ്ഞു നില്‍ക്കാതെ കാണികളുടെ മനസ് നിറഞ്ഞു നിന്ന് അയാള്‍ അഭിനയിച്ചു.

മിക്ക ചിത്രങ്ങളും ബോക്സോഫീസ് നിറഞ്ഞ് ഓടിയില്ലെങ്കിലും തമിഴിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളായി വിജയ് സേതുപതി ചിത്രങ്ങളില്‍ മിക്കതും മാറി. സേതുപതി-മാധവന്‍ കൂട്ടുകെട്ടിന്റെ വിക്രം വേദ തിയേറ്ററുകളില്‍ 50 ദിനങ്ങള്‍ തികച്ച് നില്‍ക്കെയാണ് മറ്റൊരു ചിത്രത്തിലെ മേക്കോവര്‍ സേതുപതി പുറത്തുവിട്ടിരിക്കുന്നത്. ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്സ്’ എന്ന ചിത്രത്തിലാണ് പുതിയ പരീക്ഷണ വേഷത്തില്‍ സേതുപതി എത്തുന്നത്. ശില്‍പ എന്ന സ്ത്രീ കഥാപാത്രത്തെയാണ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സേതുപതിയെ കൂടാതെ ഫഹദ് ഫാസില്‍, സാമന്ത, ഗായത്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സേതുപതിയാണോ ഫഹദ് ഫാസിലാണോ നായക കഥാപാത്രമെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ‘അനീതി കഥൈഗള്‍’ എന്നായിരുന്നു ചിത്രത്തിന് നേരത്തേ പേരിട്ടിരുന്നത്. യുവന്‍ ഷങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴില്‍ ഫഹദിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ‘വേലൈക്കാരന്‍’ എന്ന ആദ്യ തമിഴ് ചിത്രം റിലീസ് ആകാനിരിക്കെയാണ് അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ കൂടി ഭാഗമാകുന്നത്.

സേതുപതിയുടെ വിക്രം വേദ 50 ദിനങ്ങള്‍ പിന്നിട്ടിട്ടും 37 തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പുഷ്‌കര്‍-ഗായത്രി കൂട്ടുകെട്ടാണ് വിക്രം വേദയുടെ സംവിധായകര്‍. ഇരുവരും ദമ്പതികളുമാണ്. ജൂലൈ 21ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്. വിക്രമാദിത്യന്‍-വേതാളം കഥപറയല്‍ ശൈലിയില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലറാണ്. വേദ എന്ന ഗ്യാങ്സ്റ്ററിനെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സത്യസന്ധനായ പൊലീസുകാരനായാണ് മാധവന്‍ പ്രത്യക്ഷപ്പെടുന്നത്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ചിത്രം ബോക്‌സോഫീസില്‍ ചിത്രം മികച്ച നേട്ടം കൊയ്തിരുന്നു. ആദ്യ നാല് ദിവസം കൊണ്ട് തന്നെ 17 കോടി നേടിയ വിക്രം വേദ ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറുമെന്നായിരുന്നു പ്രവചനം. പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ