ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 9 ദിവസം പിന്നിടുമ്പോഴും കൊച്ചിയിലെ പുക പ്രശ്നം ഒടുങ്ങുന്നില്ല. നഗരത്തിലെ പല ഭാഗങ്ങളിലും ജീവിതം ദുസ്സഹമാവുകയാണ്. ദിവസങ്ങളായി ഈ വിഷപുക ശ്വസിക്കുന്നത് ആളുകളെയും പരിഭ്രാന്തിയിലാക്കുന്നുണ്ട്. താരങ്ങളും സാധാരണ ജനങ്ങളുമടക്കം നിരവധിയേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുകയാണെന്നാണ് നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. “ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും!” തീയണയ്ക്കാനായി അഹോരാത്രം പ്രവർത്തിക്കുന്ന അഗ്നിശമന സേനയെ അഭിനന്ദിക്കാനും താരം മറന്നില്ല.
മഞ്ജു വാര്യർ മാത്രമല്ല സംവിധായകൻ മിഥുൻ മാനുവൽ, നടന്മാരായ ഉണ്ണി മുകുന്ദൻ, പൃഥിരാജ്, വിനയ് ഫോർട്ട്, ആന്റണി വർഗീസ് പെപ്പേ, നീരജ് മാധവ്, രമേഷ് പിഷാരടി, അനൂപ് മേനോൻ എന്നിവരും ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
അധികാരികൾ ഇതിനു വേണ്ടി ഒന്നും ചെയ്യുന്നില്ലേയെന്നാണ് നീരജ് മാധവ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിവസങ്ങളായി തീയണയ്ക്കാൻ പ്രയത്നിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ചിത്രം പങ്കുവച്ചാണ് വിനയ് ഫോർട്ട് ജാഗ്രത നിർദ്ദേശം നൽകിയത്.