ബോയ്‌സ് ലോക്കർ റൂം വിവാദത്തിനു പിന്നാലെ ഡൽഹിയിലെ കൗമാരക്കാരായ ആൺകുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങൾ. തലസ്ഥാനത്തെ ചില കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു സ്വകാര്യ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിലെ, വിദ്യാർഥിനികളെ ബലാത്സംഗത്തിന് ഇരയാക്കുന്നതിനെ കുറിച്ചുള്ള ചാറ്റ് സ്ക്രീൻഷോട്ടുകൾ വലിയ ചർച്ചയായിരുന്നു. ഈ ആൺകുട്ടികളിൽ പലരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ ഷെയർ ചെയ്യുകയും അവരെ “കൂട്ട ബലാത്സംഗങ്ങൾ”ക്ക് ഇരയാക്കുന്നതിനെ കുറിച്ച് ആസൂത്രണം ചെയ്യുന്നതുമായ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ചോർന്നത്.

ഈ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് സോനം കപൂർ, സിദ്ധാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയ സിനിമാതാരങ്ങൾ.

ആൺകുട്ടികൾ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ കുറിച്ചു. മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വളർത്തി വലുതാക്കിയ മാതാപിതാക്കളും ഒരുപോലെ കുറ്റക്കാരാണെന്ന് സോനം കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യത്ത് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകാത്തതിന്റെ പ്രശ്നമാണെന്നും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇത് ഏറെ ഗുരുതരമായ പ്രശ്നമായി മാറുമെന്നുമായിരുന്നു റിച്ച ചദ്ദ കുറിച്ചത്.

“വിഷലിപ്തമായ പുരുഷത്വം ചെറുപ്പത്തിൽ എങ്ങനെ ആരംഭിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ബോയ്സ് ലോക്കർ റൂം! പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എങ്ങനെ ബലാത്സംഗം ചെയ്യാമെന്ന് സന്തോഷത്തോടെ ആസൂത്രണം ചെയ്യുന്നു. മാതാപിതാക്കളും അധ്യാപകരും ഈ കുട്ടികളുമായി ഇത് ചർച്ച ചെയ്യണം .. ‘ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലുകയല്ല, നമ്മൾ കുറ്റകൃത്യം ചെയ്യുന്നവരുടെ മാനസികാവസ്ഥയെ ആണ് ആദ്യം അഭിസംബോധന ചെയ്യേണ്ടത്,” സ്വര ഭാസ്കർ കുറിച്ചു.

ഡല്‍ഹിയിലെ പ്രശസ്തമായ അഞ്ച്‌ സ്‌കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന 20 പേരാണ് ഈ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെന്ന് പോലീസ് സൈബര്‍ സെല്‍ കണ്ടെത്തി. ഒരാളെ കസ്റ്റഡിയിലെടുത്തു, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഗ്രൂപ്പ് ഡിയാക്ടിവേറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook