scorecardresearch

ആലിയ ഭട്ടിനെതിരെ ട്വിറ്ററിൽ പ്രതിഷേധം; കാരണമിതാണ്

“ഞങ്ങൾ പുരുഷന്മാർക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?” ആലിയയ്‌‌ക്കെതിരെ ട്വിറ്ററിൽ #BoycottAliaBhatt ഹാഷ്‌ടാഗുകൾ നിറയുകയാണ്

Alia Bhatt, #BoycottAliaBhatt, Alia Bhatt Darlings, Alia Bhatt Twitter controversy, Darlings review

ആമിർ ഖാന്റെയും കരീന കപൂറിന്റെയും ‘ലാൽ സിംഗ് ഛദ്ദ’ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തിനു പിറകെ ഇപ്പോൾ ആലിയ ഭട്ടിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരുപറ്റം ട്വിറ്റർ ഉപയോക്താക്കൾ. ആലിയ ഭട്ടിനെയും ‘ഡാർലിംഗ്സ് എന്ന ചിത്രത്തെയും ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകളുടെ ബഹളമാണ് എങ്ങും.

ഡാർലിംഗ്സ് ഇന്നലെ അർധരാത്രിയോടെയാണ് ഒടിടി പ്ലാറ്റ്‌‌ഫോമായ നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ അതിനു ഒരു ദിവസം മുൻപു തന്നെ ചിത്രത്തിനും ആലിയയ്ക്കും എതിരെയുള്ള ബോയ്കോട്ട് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ആലിയ ഡാർലിംഗ്സിലൂടെ പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനം പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. ചിത്രത്തിൽ അൽപ്പം നിഗൂഢതയുള്ള ബദ്രുനിസ്സ എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ആലിയയുടെ കഥാപാത്രം തന്റെ ഭർത്താവിനെ പീഡിപ്പിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഡാർലിംഗ്സി’നെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുന്നത്.

ഒരു സീനിൽ, ഹംസ ഷെയ്ഖായി വേഷമിടുന്ന നടൻ വിജയിനെ ആലിയ അടിക്കുന്നതായി കാണാം. ഹംസയെ കെട്ടിയിടുകയും ആക്രമിക്കുകയും ചെയ്യുന്ന നിരവധി സ്വീകൻസുകൾ പങ്കുവച്ചുകൊണ്ടാണ് ട്വിറ്ററിൽ ബഹിഷ്കരണ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

“ഡാർലിംഗ്സ് പോലൊരു മിസ്സാൻഡ്രിസ്റ്റ് സിനിമ നിർമ്മിച്ചതിന് എല്ലാവരും ആലിയഭട്ടിനെ ബഹിഷ്കരിക്കണം. ബോളിവുഡിനെ സംബന്ധിച്ചിടത്തോളം, പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനം തമാശയാണ്. ദയനീയം!” എന്നാണ് ഒരാളുടെ ട്വീറ്റ്.

“എന്തുകൊണ്ടാണ് പുരുഷന്മാർക്കെതിരായ ഗാർഹിക അതിക്രമം സാധാരണവൽക്കരിക്കപ്പെടുന്നതും അതിലും മോശമായി പരിഹസിക്കപ്പെടുന്നതും. ഇന്ത്യയിലെ 3.4 കോടി പുരുഷന്മാർ ഗാർഹിക പീഡനം നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല,” മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിക്കുന്നു.

മുംബൈയിൽ തങ്ങളുടെ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും മകളുടെയും ജീവിതമാണ് ‘ഡാർലിംഗ്സ്’ പറയുന്നത്. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും അസാധാരണമായ സാഹചര്യങ്ങളിൽ ധൈര്യത്തോടെ മുന്നോട്ടുപോവുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

“ഡാർലിംഗ്സ് എന്റെ ഹൃദയത്തിൽ വളരെ സവിശേഷമായ സ്ഥാനം വഹിക്കുന്ന ചിത്രമാണ്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ ചിത്രമാണിത്, റെഡ് ചില്ലീസിനൊപ്പം. ചിത്രം രൂപപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്, ഡാർലിംഗ്സ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ചിത്രത്തെ കുറിച്ച് ആലിയ പറഞ്ഞതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Boycott alia bhatt trends on twitter darlings film

Best of Express