പ്ലാനറ്റ് ഓഫ് ദ എയ്പ്സിന്റെ പുതിയ ഭാഗം, വാര് ഫോര്‍ ദ പ്ലാനറ്റ് ഓഫ് ദ എയ്പ്സ് ബോക്സ്ഓഫീസ് ഭരിച്ച് മുന്നേറുന്നു. ചിത്രം റിലീസ് ചെയ്ത വാരാന്ത്യം അമേരിക്കയിലെ 4022 തിയറ്ററുകളില്‍ നിന്നായി 56.5 മില്യണ്‍ ഡോളറാണ് ചിത്രം വാരിയത്. ചിത്രത്തിന്റെ മുന്‍ ഭാഗമായ ‘ഡോണ്‍ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ എയ്പ്സ്’ നേടിയതിന്റെ (72.6) 22 ശതമാനം കുറവാണ് നേടിയതെങ്കിലും ഹോളിവുഡിലെ നിലവിലെ സ്ഥിതിവെച്ച് വന്‍ മുന്നേറ്റമാണ് ചിത്രം കാഴ്ച്ചവെച്ചത്.
ചിത്രം റിലീസ് ചെയ്യുന്നതിന് ഒരാഴ്ച്ച മുമ്പ് പുറത്തുവന്ന ‘സ്പൈഡര്മാന് ഹോംകമിംഗ്’ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും കുരങ്ങന്മാര് ബോക്സ്ഓഫീസ് പിടിച്ചടക്കി. ചെര്മിന് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പീറ്റര്‍ ചെര്മിന്, ഡൈലാന്‍ ക്ലാര്‍ക്ക്, റിക് ജഫ, അമന്‍ഡാ സില്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 20ത് സെഞ്ച്വറി ഫോക്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം ജൂലൈ 14നാണ് റിലീസ് ചെയ്തത്. 20ത് സെഞ്ചുറി ഫിലിംസിന് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ക്രൂരനായ ഒരു പട്ടാളമേധാവിയുടെ പ്രവര്‍ത്തിയിലൂടെ മനുഷ്യസൈന്യത്തോട് പോരാടേണ്ടി വരുന്ന സീസര്‍ എന്ന ആള്‍ക്കുരങ്ങിന്റേയും കൂട്ടരുടേയും കഥയാണ് ചിത്രം പറയുന്നത്. മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡി സെരിസ്, വൂഡി ഹാരെല്‍സണ്‍, സ്റ്റീവ് സാഹ്ന്, ജൂഡി ഗ്രീര്‍, കരിന്‍ കൊനൊവല്, ടെരി നോടരി, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.