വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുക, അവസാനം ചെയ്ത എട്ടുചിത്രങ്ങളും തുടർച്ചയായി നൂറുകോടി ക്ലബ്ബിലെത്തുക. ഭാഗ്യവും നിർഭാഗ്യവും മാറിമാറിമറയുന്ന സിനിമാലോകത്ത് ഭാഗ്യം കൊണ്ടുവരുന്ന പച്ചക്കുതിരയെ പോലെ ഒരു സാന്നിധ്യമാണ് രോഹിത് ഷെട്ടി. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇത്തരമൊരു നേട്ടം രോഹിത് ഷെട്ടിയെ പോലെ മറ്റൊരു ബോളിവുഡ് സംവിധായകനും അവകാശപ്പെടാനുണ്ടാവില്ല. ‘ഗോൽമാൽ3’, ‘സിങ്കം’, ‘ബോൽ ബച്ചൻ’, ‘ചെന്നൈ എക്‌സ്പ്രസ്’, ‘സിങ്കം റിട്ടേൺസ്’, ‘ദിൽവാലെ’, ‘ഗോൽമാൽ എഗെയ്ൻ’, ‘സിമ്പ’വരെ നീളുന്ന നൂറുകോടി ക്ലബ്ബ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെ സിംഹാസനം​ ഉറപ്പിക്കുകയാണ് ഈ സംവിധായകൻ.

വേറിട്ട ട്രീറ്റ്മെന്റിൽ സിനിമകൾ എടുക്കുന്ന രോഹിത് ഷെട്ടിയ്ക്ക് തന്റെ ഓഡിയൻസിന്റെ പൾസ് നന്നായി അറിയാമെന്ന് തെളിയിക്കുകയാണ് ഈ ബോക്സ് ഓഫീസ് വിജയങ്ങൾ എല്ലാം തന്നെ. രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ അവസാനം റിലീസിനെത്തിയ ‘സിമ്പ’യും തിയേറ്ററുകളിൽ വിജയം കൊയ്ത് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. രൺവീർ സിംഗും സാറ അലിഖാനും ഒന്നിച്ച് അഭിനയിച്ച ‘സിമ്പ’ അഞ്ചു ദിവസം കൊണ്ട് 124.54 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നിരൂപകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിലും പ്രേക്ഷകർ ഈ മസാല എന്റർടെയിൻമെന്റിനെ ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ വലിയ ചിത്രങ്ങളൊന്നും ഈ ആഴ്ച റിലീസിനില്ലാത്തതിനാൽ ‘സിമ്പ’ അതിന്റെ ബോക്സ് ഓഫീസ് വിജയകുതിപ്പ് തുടരാൻ തന്നെയാണ് സാധ്യത.

ഗോൽമാൽ സീരീസിലെ ‘ഗോൽമാൽ എഗെയ്ൻ’ എന്ന ചിത്രമായിരുന്നു 2017 ൽ നൂറുകോടി ക്ലബ്ബിൽ കയറിയ രോഹിത് ഷെട്ടി ചിത്രം. 205.69 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. ഗോൽമാൽ സീരീസിലെ നാലാമത്തെ ചിത്രമായിരുന്നു ഇത്. ഹൊറർ കോമഡി ചിത്രമായ ‘ഗോൽമാൽ 3’ൽ അജയ് ദേവ്ഗൺ, തബു, പരിനീതി ചോപ്ര, അർഷാദ് വാർസി തുടങ്ങി വൻതാരനിര തന്നെയുണ്ടായിരുന്നു. 2017 ലെ ദീപാവലി റിലീസ് ആയിരുന്നു ചിത്രം.

ഐക്കോണിക് താരജോഡികളായ ഷാരൂഖ് ഖാനും കാജോളും ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം എന്ന രീതിയിൽ ഏറെ പ്രതീക്ഷകളോടെ 2015 ൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘ദിൽവാലെ’. എന്നാൽ, സഞ്ജയ് ലീലാ ബൻസാലിയുടെ ‘ബാജിറാവോ മസ്താനി’യ്ക്കൊപ്പം തിയേറ്ററിൽ എത്തിയ ചിത്രം വേണ്ടത്ര നിരൂപക പ്രശംസ നേടിയില്ല. എന്നിരുന്നാലും ചിത്രം നൂറുകോടി ക്ലബ്ബിൽ കയറി. 148.72 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

‘സിങ്കം റിട്ടേൺസ്’ ആയിരുന്നു നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ മറ്റൊരു രോഹിത് ഷെട്ടി ചിത്രം. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രം 140. 62 കോടി രൂപയാണ് നേടിയത്. അജയ് ദേവ്ഗണും കരീന കപൂറുമായിരുന്നു ചിത്രത്തിലെ താരങ്ങൾ. ബോക്സ് ഓഫീസിൽ ഏറെ ഓളമുണ്ടാക്കിയ മറ്റൊരു ചിത്രമായിരുന്നു ‘ചെന്നൈ എക്‌സ്പ്രസ്’. നിലവിൽ ഏറെ ബോക്സ് ഒാഫീസ് വിജയം നേടിയ രോഹിത് ഷെട്ടി ചിത്രവും ചെന്നൈ എക്സ്‌പ്രസ് തന്നെ. 227. 13 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ എന്നിവർ പ്രധാന വേഷത്തിലെത്തി, 2012 ൽ റിലീസായ ‘ബോൽ ബച്ചനാ’യിരുന്നു മറ്റൊരു ഹിറ്റ് ചിത്രം. സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നൂറുകോടി ക്ലബ്ബ് ബിസിനസ്സിൽ ചിത്രം നേട്ടം കൊയ്യുക തന്നെ ചെയ്തു. 102.84 കോടിയാണ് ‘ബോൽ ബച്ചൻ’ ബോക്സ് ഓഫീസിൽ നിന്നും കരസ്ഥമാക്കിയത്.

അജയ് ദേവ് ഗൺ നായകനായ സിങ്കം (2011), 2010 ൽ പുറത്തിറങ്ങിയ ‘ഗോൽമാൽ 3’ എന്നിവയും നൂറുകോടി ക്ലബ്ബിൽ കടന്നു കൂടിയ ചിത്രമായിരുന്നു. രോഹിത് ഷെട്ടിയുടെ കരിയറിലെ തന്നെ നിർണായകമായൊരു ചിത്രമായിരുന്നു ‘സിങ്കം’. 100.30 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ദീപാവലി റിലീസായി എത്തിയ ‘ഗോൽമാൽ 3’ 2010 ൽ 106.34 കോടി രൂപയാണ് നേടിയെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook