ടെന്നിസ് കോർട്ടിലെ ചിരവൈരികളായ രണ്ട് ഇതിഹാസതാരങ്ങളുടെ ജീവിതം സിനിമയാകുന്നു. ഒരു കാലത്ത് ടെന്നിസ് ലോകം അടക്കി വാണ ബിയോൺ ബോർഗിന്റെയും അദ്ദേഹത്തിന്റെ കളിക്കളത്തിലെ കടുത്ത എതിരാളിയായിരുന്ന ജോൺ മാക്കൻറോയെയും ആസ്‌പദമാക്കി ഒരു സിനിമ വരുന്നു. ബോർഗ്/മാക്കൻറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജാനസ് മെറ്റ്സ് പെഡേർസെനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസ് നടനായ ഷിയ ലബ്ബൂഫാണ് മാക്കൻറോയായെത്തുന്നത്. സ്വീഡിഷ് നടനായ വെറിർ ഗുഡ്‌നാസനാണ് വെളളിത്തിരയിൽ ബോർഗായെത്തുന്നത്.

1980ലെ വിമ്പിൾഡൺ ഫൈനലിലെ ഇരുവരുടെയും മത്സരത്തെ ആസ്‌പദമാക്കിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ടെന്നിസ് പ്രേമികളുടെ ആകാംഷ കൂട്ടുന്നതാണ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. രണ്ട് മിനിറ്റിൽ താഴെയുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. മാക്കൻറോയും താനും തമ്മിൽ ഒരുപൊലെയുളള ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നാണ് വെറൈറ്റിയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ലബ്ബൂഫ് പറഞ്ഞത്.

ടെന്നിസിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് ബോർഗും മാക്കൻറോയും. ഇരുവരുടെയും എന്നെന്നും ഓർക്കപ്പെടുന്ന മത്സരം 1980 ലെ വിമ്പിൾഡൻ സിംഗിൾസ് മെൻസ് ഫൈനലിലേതാണ്.

മാക്കൻറോ പെട്ടെന്ന് ദേഷ്യം വരുന്നവനും ബോർഗ് വളരെ ശാന്തസ്വഭാവക്കാരനുമായാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. ഇരുവരുടെയും സ്വഭാവത്തിലെ വ്യത്യസ്‌തത കാരണം ഇവർ തമ്മിലുളള പോരാട്ടം ഫയർ ആൻഡ് ഐസ് എന്നാണ് പറഞ്ഞുപോരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ