മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതിയ ചിത്രമാണ് പുലിമുരുകൻ. താരരാജാവ് മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ വിസ്‌മയമായിരുന്നു പുലമുരുകൻ. മലയാള സിനിമയെ നൂറ്റമ്പത് കോടി ക്ളബ്ബിൽ മലയാള സിനിമയ്‌ക്ക് മേൽ വിലാസമുണ്ടാക്കി കൊടുത്തതും പുലിയോട് പട വെട്ടിയ പുലിമുരുകനാണ്.
വിജയകരമായി പുലിമുരുകൻ ഇപ്പോഴും തിയേറ്ററുകളിൽ ജൈത്ര യാത്ര തുടരുമ്പോൾ പ്രേക്ഷകർക്ക് ഒരു സമ്മാനം കൂടി നൽകുകയാണ് പുലിമുരുകൻ ടീം. എന്നെന്നും സൂക്ഷിച്ചു വെക്കാവുന്ന ഒരു പുലിമുരുകൻ പുസ്‌തകം.

പുലിമുരുകൻ ബോക്‌സ്ഓഫീസിലൊരു ഗർജ്ജനം എന്നാണ് പുസ്‌തകത്തിന്റെ പേര്. പുലിമുരുകനിലെ ഇതുവരെ പറയാത്ത കഥകളുമായാണ് പുസ്‌തകമെത്തുന്നത്. മോഹൻലാലാണ് പുസ്‌തകമിറങ്ങുന്ന കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചത്. അനുഭവങ്ങളുടെ ഒരു പുസ്‌തകമായിരിക്കുമിതെന്നാണ് മോഹൻലാൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

pulimurugan

“ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്‌ടിച്ച പുലിമുരുകന് കുറച്ച് മനോഹരമായ കഥകൾ പറയാനുണ്ട്. ഇതുവരെ പറയാത്ത ബുദ്ധിമുട്ടുകളുടെയും സർഗാത്മകതയുടെയും കഥ. ഞങ്ങളുടെ എല്ലാ കഥകളുമായി ഒരു പുസ്‌തകം വരുന്നു. ഒരു പാട് കാര്യങ്ങളാൽ വളരെ സ്‌പെഷ്യലാണ് പുലിമുരുകൻ.പുലിമുരുകന് പിന്നിലെ എല്ലാ ശ്രമങ്ങളും ഉൾക്കൊളളിച്ചായിരിക്കും പുസ്‌തകമെത്തുക”.മോഹൻലാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിനിമയെ ഇഷ്‌ടപ്പെടുന്നവർ, സിനിമ വിദ്യാർത്ഥികൾ, സിനിമാ പ്രവർത്തകർ തുടങ്ങി ഏവർക്കും ഉപകാരപ്പെടുന്നതും ഇഷ്‌ടമാവുന്നതുമായിരിക്കും ഈ പുസ്‌തകമെന്നും മോഹൻലാൽ പറയുന്നു.

നൂറ് കോടി ക്ളബ്ബിലെത്തിയ ആദ്യ ചിത്രത്തിന്റെ വിജയകഥയാണ് ഈ പുസ്‌തകം. ഈ വിജയ കഥ വായനക്കാരുമായി പങ്ക് വെയ്‌ക്കുന്നത് വൈശാഖ്, ടോമിച്ചൻ മുളകുപാടം, മോഹൻലാൽ, ഉദയകൃഷ്‌ണ, ഗോപിസുന്ദർ, ഷാജികുമാർ, പീറ്റർഹെയ്‌ൻ,bസനത്, മുരളി, പി.എൻ.സതീഷ് എന്നിവരാണ്. മാധ്യമപ്രവർത്തകനായ ടി.അരുൺകുമാറാണ് പുലിമുരുകൻ ടീമിനു വേണ്ടി അനുഭവ കഥ എഴുതുന്നത് .

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെ നായകനാക്കി വൈശാഖാണ് പുലിമുരുകൻ ഒരുക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു പുലിമുരുകൻ. പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. പുലിയുമൊത്തുളള മോഹൻലാലിന്റെ സംഘട്ടനരംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗാളി നായിക കമലിനി മുഖർജിയാണ് ചിത്രത്തിലെ നായിക.

എം.ആർ. ഗോപകുമാർ, ലാൽ, ബാല, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, നമിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം നൂറ്റമ്പതാം ദിവസം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ മാർച്ച് 4 ന് കൊച്ചിയിൽ വെച്ച് നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ