അന്തരിച്ച പ്രമുഖ ബോളിവുഡ് താരം ശ്രീദേവിയുടെ ആദ്യ ചരമ വാര്‍ഷികത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബോണി കപൂറും കുടുംബവും ഒരുങ്ങുന്നു. കൂടാതെ ശ്രീദേവിയുടെ പ്രിയപ്പെട്ട സാരികളില്‍ ഒന്ന് ലേലം ചെയ്ത് അതു വഴി ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയ്ക്ക് നല്‍കാനും പദ്ധതിയുണ്ട്.

ശ്രീദേവിയുടെ പ്രിയപ്പെട്ട ‘കോട്ട’ സാരികളില്‍ ഒന്നാണ് ലേലം ചെയ്യുന്നത്. നിലവില്‍ 40,000 രൂപയാണ് കോട്ട സാരിയുടെ ആരംഭ വില. കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയ്ക്കായിരിക്കും ലേലത്തുക നല്‍കുക. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന്‍.

ചരമവാര്‍ഷികത്തിന് മുന്നോടിയായി ഫെബ്രുവരി 14ന് ശ്രീദേവിയുടെ ഓര്‍മ്മയില്‍ ഭര്‍ത്താവും മക്കളും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം ചെന്നൈയിലെ താരത്തിന്റെ വസതിയില്‍ ഒത്തുചേര്‍ന്നിരുന്നു. അനില്‍ കപൂര്‍, അജിത്ത്, ശാലിനി എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭര്‍ത്താവ് ബോണി കപൂര്‍ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താന്‍ നിര്‍മ്മിക്കുന്നു എന്നും അതില്‍ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകള്‍ നടത്തിക്കഴിഞ്ഞു അദ്ദേഹം.

Read More: മധുബാലയെ മാത്രമല്ല, ശ്രീദേവിയേയും ആദരിക്കൂ; ഗൂഗിൾ സിഇഒയോട് ആരാധകർ

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച് ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അവര്‍ കുടുംബ സമേതം ദുബായില്‍ എത്തിയത്. വിവാഹം കഴിഞ്ഞു മകള്‍ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ശ്രീദേവി മാത്രം തുടര്‍ന്നും ദുബായില്‍ത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ദുബായില്‍ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയില്‍ വലിയൊരു ജനാവലിയെ സാക്ഷി നിര്‍ത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂര്‍ണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വര്‍ഷം തികയുമ്പോള്‍ പോലും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook