/indian-express-malayalam/media/media_files/uploads/2019/01/priya-varrier-1.jpg)
ആദ്യചിത്രത്തിലെ കണ്ണിറുക്കൽ സീൻ മുതൽ ഇന്റർനെറ്റിലെ സെൻസേഷൻ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഇപ്പോഴിതാ പ്രിയവാര്യർ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. 'ശ്രീദേവി ബംഗ്ലാവ്' എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനയമാണ് പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രിയ അഭിനയിച്ച പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിന് എതിരെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷമാണ് തീർത്തും അപ്രതീക്ഷിതമായി ബാത്ത് ടബ്ബിൽ വീണ് ബോളിവുഡിന്റെ സ്വപ്നറാണി ശ്രീദേവി മരിക്കുന്നത്. ശ്രീദേവിയുടെ പെട്ടെന്നുള്ള മരണം ബോളിവുഡിനും ആരാധകർക്കും കുടുംബാംഗങ്ങൾക്കും ഏൽപ്പിച്ച ആഘാതം ചെറുതല്ല. ശ്രീദേവിയുടെ മരണം അപകടമോ കൊലപാതകമോ തുടങ്ങിയ രീതിയിലുള്ള നിരവധി സംവാദങ്ങളും ഇടക്കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. 'ശ്രീദേവി ബംഗ്ലാവ്' എന്ന പുതിയ ചിത്രത്തിലെ നടിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണശകലങ്ങളുമൊക്കെയാണ് സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ടീസറിൽ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങൾ അടങ്ങിയിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച സീനുകൾ വരെ ടീസറിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ചിത്രത്തിനുള്ള സാമ്യതകളാണ് ബോണി കപൂറിനെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
ബോണി കപൂറിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ച വിവരം സംവിധായകനായ പ്രശാന്ത് മാമ്പുള്ളി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. "ബോണി കപൂർ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളതിനെ അഭിമുഖീകരിക്കാൻ തയ്യാറാണ്. എന്റെ ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്. ശ്രീദേവി എന്നത് ഒരു കോമൺ നെയിം ആണെന്നും നായികയാവുന്ന ഒരു കഥാപാത്രമാണ് എന്റേതെന്നും ഞാൻ ബോണി കപൂറിനോട് പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്നത്തെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം," 'സിനി സ്റ്റാനി'നു നൽകിയ അഭിമുഖത്തിൽ പ്രശാന്ത് മാമ്പുള്ളി പറയുന്നു. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ശ്രീദേവി ബംഗ്ലാവ്'.
ഇന്നലെ സിനിമയുടെ ടീസർ പുറത്തു വന്നപ്പോൾ മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധിയേറെ പ്രതികരണങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഒരു ഇതിഹാസതാരത്തിന്റെ ജീവിതത്തിന്റെ ഏറ്റവും ദുരന്തപരമായ അനുകരണം എന്ന രീതിയിലൊക്കെയുള്ള നെഗറ്റീവ് കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നതിലേറെയും. ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകൾ ആണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോഴും ലണ്ടനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Read more: രണ്‍വീര്‍ സിങ്ങും പ്രിയ പ്രകാശും ഒന്നിച്ചൊരു 'ബ്ലോക്ബസ്റ്റര്‍' ചിത്രം
"ചിത്രത്തെ കുറിച്ച് ഞാനിപ്പോൾ ഒന്നും പറയുന്നില്ല. അതു നിങ്ങൾ തിയേറ്ററിൽ പോയി കണ്ട് അറിയേണ്ടതാണ്.എന്റെ ചിത്രത്തിൽ ശ്രീദേവി എന്നത് ഒരു കഥാപാത്രവും നടിയുമാണ്. കഥാപാത്രത്തിന്റെ പേരാണത്. ആർക്കും ശ്രീദേവി എന്ന പേരുണ്ടാകാം. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച ചില പ്രത്യേക സംഭവങ്ങൾ ഈ കഥയിലുമുണ്ട്. ഇതൊരു സസ്പെൻസ് ത്രില്ലറാണ്. കൂടുതലൊന്നും സംസാരിക്കുന്നില്ല," പ്രശാന്ത് മാമ്പുള്ളി കൂട്ടിച്ചേർക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us