scorecardresearch
Latest News

എന്നോട് സ്നേഹമാണെന്നു പറയുന്നല്ലോ, എനിക്ക് വേണ്ടി എന്തും ചെയ്യുമോ? ഓർമ്മകളിൽ വീണ്ടും ശ്രീദേവി നിറയുമ്പോൾ

ശ്രീദേവിയുടെ സാന്നിധ്യം ഇന്നു ഈ ലോകത്തില്ലയെന്നതു വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവരോടു അടുത്തു നിന്നിരുന്ന പലരും പറയുന്നത്

എന്നോട് സ്നേഹമാണെന്നു പറയുന്നല്ലോ, എനിക്ക് വേണ്ടി എന്തും ചെയ്യുമോ? ഓർമ്മകളിൽ വീണ്ടും ശ്രീദേവി നിറയുമ്പോൾ

നടി ശ്രീദേവി സിനിമാലോകത്തോടു വിടപറഞ്ഞിട്ട് നാലു വർഷമായെങ്കിലും ആരാധകരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം അവരെ ഓർത്തെടുക്കുന്നത് ഏറെ സ്നേഹത്തോടെയാണ്. ശ്രീദേവിയുടെ സാന്നിധ്യം ഇന്നു ഈ ലോകത്തില്ലയെന്നതു വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവരോടു അടുത്തു നിന്നിരുന്ന പലരും പറയുന്നത്. ശ്രീദേവിയുടെ മരണ ശേഷമാണ് മകൾ ജാൻവി കപൂർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സഹോദരിയുടെ പാത പിന്തുടർന്ന് ഇളയമകൾ ഖുശി കപൂറും സിനിമയിലേയ്ക്കെത്തുകയാണ്. ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ മിലിയുടെ റിലീസ് സമയത്തു ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറും മക്കളും മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. ചിത്രത്തിൻെറ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ തൻെറ പുകവലി ശീലം നിർത്തുന്നതിനായി ശ്രീദേവി നടത്തിയ ഇടപ്പെടലിനെക്കുറിച്ച് ബോണി കപൂർ പറയുകയുണ്ടായി.

“ശ്രീദേവി മരിക്കുന്ന സമയത്തു ഞങ്ങൾ ദുബായിയിലായിരുന്നു. അവരുടെ വേർപാട് എന്നിലുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ആ സമയത്തു എനിക്കു പുകവലിയ്ക്കാൻ തോന്നിയിരുന്നു. പക്ഷേ ഞാൻ ചെയ്തില്ല. കാരണം ശ്രീദേവി എന്നോടു പറഞ്ഞിട്ടുണ്ട് അവളെ ഒരുപാട് ഇഷ്ടാമാണെങ്കിൽ അങ്ങനെ ചെയ്യരുതെന്ന്.അതു മനസ്സിൽ ഓർമ്മ വന്നതിനു ശേഷം എനിക്കു പുകവലിയ്ക്കാൻ തോന്നിയിട്ടില്ല” ബോണി കപൂർ പറഞ്ഞു.

“1995 ലാണ് ഞാൻ ആദ്യമായി പുകവലി നിർത്തുന്നത്. ഞങ്ങൾ ന്യൂയോർക്കിലായിരുന്നു സമയത്താണ് ശ്രീദേവി എന്നോടു പറയുന്നത് അവളെ ഒരുപാട് ഇഷ്ടമാണെങ്കിൽ പുകവലി ഉപേക്ഷിക്കാൻ. ഹോട്ടൽ റൂമിലെത്തിയപ്പോൾ ഞാൻ സിഗ്ററ്റ് പെട്ടികളെല്ലാം എടുത്ത് ശ്രീദേവിയ്ക്കു നൽകി” ബോണി കൂട്ടിച്ചേർത്തു.

നീണ്ട 12 വർഷം പുകവലിയ്ക്കാതിരുന്ന ബോണി 2006 ൽ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ സ്ട്രസ് മൂലം പുകവലി പുനരാരംഭിക്കുകയായിരുന്നു. 2016 ൽ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഡോക്ടർ തന്നെയാണ് ബോണിയോട് പുകവലി നിർത്താൻ നിർദ്ദേശിച്ചത്. അന്നും ശ്രീദേവിയ്ക്കു സിഗ്ററ്റ് പാക്കറ്റുകളെല്ലാം നൽകിയാണ് ബോണി പുകവലിയോട് ബൈ പറഞ്ഞത്.

ഗൗരി ഷിൻഡെയും ഈയിടെ ശ്രീദേവിയെ ഓർത്തു കൊണ്ട് വാക്കുകൾ പങ്കുവച്ചിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ഗൗരി ഷിൻഡെയുടെ ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മടങ്ങി വരവ്. ശ്രീദേവിയെ വച്ച് മറ്റൊരു ചിത്രമെടുക്കാനിരുന്ന സമയത്തായിരുന്നു അവരുടെ ആകസ്മികമായുണ്ടായ മരണമെന്നും ഗൗരി ഷിൻഡെ പറയുന്നു.

2018 ഫെബ്രുവരി 24 നു ദുബായിയിൽ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നെങ്കിലും പിന്നീട് കേസ് തളളി പോകുകയായിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങി ഹൃദയാഘാതം വന്നു മരിച്ചെന്നാണ് അവസാന റിപ്പോർട്ടുകളിൽ പറയുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Boney kapoor recalls sridevi memories him quits smoking