ശ്രീദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രമൊരുക്കുന്നത് ബോണി കപൂര്‍

ചിത്രത്തിനായി അദ്ദേഹം പല ടൈറ്റിലുകളും കണ്ടുവച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രം ഒരുക്കുന്നത്. ഫീച്ചര്‍ സിനിമയാണോ ഡോക്യുമെന്ററിയാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ബോണി കപൂര്‍ തന്നെ വെളിപ്പെടുത്തി. ചിത്രത്തിനായി അദ്ദേഹം പല ടൈറ്റിലുകളും കണ്ടുവച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ശ്രീ ശ്രീദേവി, ശ്രീ, മാം തുടങ്ങിയ പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ശ്രീദേവിയുടെ ജീവിതത്തെ ആസ്‌പദമാക്കി താന്‍ ഡോക്യുമെന്ററി ചെയ്യുന്നുവെന്ന് നേരത്തേ തന്നെ ബോണി കപൂര്‍ അറിയിച്ചിരുന്നു. കുറച്ച് സമയമെടുത്ത് സിനിമയൊരുക്കുവാനാണ് തീരുമാനമെന്നും ബോണി പറഞ്ഞു.

തമിഴ് ചിത്രത്തില്‍ ബാലതാരമായി അരങ്ങേറി അഭിനയം തുടങ്ങിയ ശ്രീദേവി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ അവിഭാജ്യഘടകമായിരുന്ന ശ്രീദേവി ബോളിവുഡിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാറുമായിരുന്നു. 2013ല്‍ രാജ്യം ശ്രീദേവിയെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് മോം എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതിലെ കഥാപാത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മരണാനന്തരം ദേശീയ പുരസ്‌കാരം ലഭിക്കുന്ന ആദ്യ സിനിമാ താരമാണ് ശ്രീദേവി.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബന്ധുവിന്റെ വിവാഹ ചടങ്ങിന് ദുബായിലെത്തിയ അവര്‍ ഹോട്ടല്‍ മുറിയിലെ ബാത്ടബ്ബിൽ വീണാണ് മരിച്ചത്. മകള്‍ ജാന്‍വി കപൂര്‍ തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ മരണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Boney kapoor plans a film on sridevi

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express