/indian-express-malayalam/media/media_files/uploads/2023/10/Boney-Kapoor-opens-up-on-Sridevi-Death.jpg)
Boney Kapoor opens up on Sridevi Death
ഭാര്യയും നടിയുമായ ശ്രീദേവിയുടെ ദാരുണമായ വേർപാടിൽ മൗനം പാലിച്ചിരുന്ന നിർമ്മാതാവ് ബോണി കപൂർ ഇപ്പോൾ അതേക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ശ്രീദേവി പലപ്പോഴും തീർത്തും ഉപ്പില്ലാത്ത, വളരെ കർശനമായ ഒരു ഭക്ഷണക്രമം പാലിച്ചിരുന്നതായും അത് ബ്ലാക്ക്ഔട്ടിലേക്ക് നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നടൻ നാഗാർജുന സമാനമായ ഒരു അനുഭവം വിവരിച്ച ഒരു കഥയും അദ്ദേഹം പങ്കു വെച്ചു. ശ്രീദേവിക്ക് ബോധക്ഷയം മൂലം ഒരു പല്ല് പോലും നഷ്ടപ്പെട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
ദ ന്യൂ ഇന്ത്യൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ചലച്ചിത്ര നിർമ്മാതാവ് പറഞ്ഞു, 'അതൊരു സ്വാഭാവിക മരണമല്ല; അതൊരു അപകട മരണമായിരുന്നു. എന്നെ ഏകദേശം 24 അല്ലെങ്കിൽ 48 മണിക്കൂർ ചോദ്യം ചെയ്ത വേളയിൽ അതിനെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നതിനാൽ പിന്നീട് അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. വാസ്തവത്തിൽ, ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് ഞങ്ങൾക്ക് ഇതിലൂടെ കടന്നു പോകേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഫൗൾ പ്ലേ ഇല്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നു പോയി. തുടർന്ന് വന്ന റിപ്പോർട്ടിൽ ഇത് ആകസ്മികമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.'
മരണസമയത്തും ശ്രീദേവി ഡയറ്റിലായിരുന്നു എന്ന് ബോണി പറഞ്ഞു.
'അവൾ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു; ലൂക്കിങ് ഗുഡ് വളരെ പ്രധാനമായിരുന്നു അവൾക്ക്. സ്‌ക്രീനിൽ നല്ല ഷേപ്പിൽ പ്രത്യക്ഷപ്പെടണം എന്ന് ആഗ്രഹിച്ചിരുന്ന്. എന്നെ വിവാഹം കഴിച്ച സമയം മുതൽ തന്നെ, അവൾക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിട്ടുണ്ട്. അവൾക്ക് ബിപി താഴുന്നതിന്റെ പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നു.'
ഷൂട്ടിങ്ങിനിടെ ശ്രീദേവി കുളിമുറിയിൽ ബോധരഹിതയായതറിഞ്ഞപ്പോൾ സമാനമായ സംഭവത്തെക്കുറിച്ച് നടൻ നാഗാർജുന പറഞ്ഞതായി ബോണി കപൂർ പറഞ്ഞു.
'അനുശോചനം അറിയിക്കാൻ നാഗാർജുന വീട്ടിൽ വന്നിരുന്നു, ഒരു സിനിമയ്ക്കിടെ ശ്രീദേവി ക്രാഷ് ഡയറ്റിലായിരുന്നുവെന്നും അങ്ങനെയാണ് അവൾ കുളിമുറിയിൽ വീണു പല്ല് പൊട്ടിയതെന്നും അദ്ദേഹം എന്നോട് പറഞ്ഞു.'
കർശനമായ ഭക്ഷണക്രമം പിന്തുടരുന്ന അവളുടെ ശീലത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്നും ആഹാരത്തിൽ കുറച്ച് ഉപ്പ് ഉൾപ്പെടുത്താൻ ഉപദേശിക്കാനായി താൻ ഡോക്ടറോട് ആവശ്യപ്പെടുമായിരുന്നു എന്നും ബോണി വിശദീകരിച്ചു. അത്താഴസമയത്ത് പോലും ശ്രീദേവി ഉപ്പില്ലാത്ത വിഭവങ്ങൾ ആവശ്യപ്പെടുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
'നിർഭാഗ്യവശാൽ, ഈ പ്രശ്‌നം അവൾ ഗൗരവമായി എടുത്തില്ല.'
2018 ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.