65-ാമത് ദേശീയ പുരസ്കാര ദാന ചടങ്ങുമായി ബന്ധപെട്ട് നടന്ന വിവാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് ബോണി കപൂര്‍. അന്തരിച്ച നടിയും ഭാര്യയുമായ ശ്രീദേവിയുടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മക്കള്‍ ജാന്‍വി, ഖുഷി എന്നിവരോടൊപ്പം എത്തിയതാണ് ബോണി കപൂര്‍.

ദേശീയ പുരസ്കാര വിജയികളില്‍ 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി അവാര്‍ഡ്‌ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്കാരങ്ങള്‍ നല്‍കിയത്. ഇതിനെച്ചൊല്ലി ഭൂരിഭാഗം പുരസ്കാര ജേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചു.

“എന്തിനാണീ ബഹളം എന്ന് മനസ്സിലാവുനില്ല. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി തന്നാലും ഈ പുരസ്കാരം ഞാന്‍ സ്വീകരിക്കുമായിരുന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രാലയത്തില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ ജോലിയ്ക്ക് ഈ അംഗീകാരം കിട്ടി എന്നതാണ് പ്രധാനം”, ബോണി കപൂര്‍ എ എന്‍ ഐ യോട് പറഞ്ഞു.

ബോണി കപൂര്‍ മക്കള്‍ ജാന്‍വി, ഖുഷി, Express Photo by Tashi Tobgyal

ശ്രീദേവിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന ബോണി കപൂര്‍ മക്കള്‍ ജാന്‍വി, ഖുഷി, Express Photo by Tashi Tobgyal

വിനോദ് ഖന്നയ്ക്കുള്ള ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങിയ ഭാര്യ, മകന്‍ അക്ഷയ് ഖന്ന എന്നിവരോടൊപ്പം ബോണി കപൂര്‍ മക്കള്‍ ജാന്‍വി, ഖുഷി, Express Photo by Tashi Tobgyal

ജാന്‍വി കപൂര്‍, Express Photo by Tashi Tobgyal

ഖുഷി കപൂര്‍, Express Photo by Tashi Tobgyal

ബോണി കപൂര്‍, മകള്‍ ജാന്‍വി, Express Photo by Tashi Tobgyal

വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്.

“ഇതു വളരെ അഭിമാനകരമായ ഒരു മുഹൂര്‍ത്തമാണ്. അതേസമയം ഞങ്ങള്‍ ശ്രീദേവിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരുപാട് സന്തോഷിച്ചേനെ. കൂടുതല്‍ എന്താണ് ഞാന്‍ പറയുക? ശ്രീദേവിയുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. അവര്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, എന്നാല്‍ ഈ പുരസ്‌കാരം എല്ലാറ്റിനും മുകളില്‍ തന്നെയാണ്,” റിഹേഴ്‌സലിനിടെ ബോണി കപൂര്‍ പറഞ്ഞു.

സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മരണാനന്തരം നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിയ്ക്ക് അവാര്‍ഡ് നല്‍കിയതോടെ ആ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.

കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥയാണ് ‘മോം’. ചിത്രത്തില്‍ ശ്രീദേവിയ്ക്കൊപ്പം നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാനി താരങ്ങളായ അദ്നാന്‍ സിദ്ദിഖി, സജല്‍ അലി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് വേളയില്‍ തന്നെ ശ്രീദേവിയുടെ പ്രകടനത്തെക്കുറിച്ച് വലിയ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

മലയാളത്തില്‍ നിന്നും ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ചടങ്ങിൽ പങ്കെടുത്തു. ഫഹദ് ഫാസിലും പാർവ്വതിയും വിട്ടുനിന്നു. മികച്ച ഗായകനുളള അവാർഡ് കെ.ജെ.യേശുദാസും മികച്ച സംവിധായകനുളള അവാർഡ് ജയരാജും രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നും ഏറ്റുവാങ്ങി. അവാർഡ്ദാന ചടങ്ങിൽനിന്നും വിട്ടുനിന്നവരുടെ പേര് ലിസ്റ്റിൽനിന്നും ഒഴിവാക്കിയാണ് പുരസ്കാരദാനം നടത്തിയത്.

ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് യേശുദാസും ജയരാജും നേരത്തെ അറിയിച്ചിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനു താൽപര്യമില്ല. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നും നിവേദനം നൽകിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കി. അതേസമയം, ചടങ്ങിൽനിന്നും വിട്ടുനിന്ന ഫഹദ് നാട്ടിലേക്ക് മടങ്ങി. മികച്ച സഹനടനുളള അവാർഡ് ഫഹദിനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook