ഓസ്കർ വേദിയിൽ ഇന്ത്യ പുരസ്കാരം നേടിയപ്പോൾ ബൊമ്മനും ബെല്ലിയും കൂടിയാണ് ആഘോഷിക്കപ്പെട്ടത്. രഘു എന്ന ആനകുട്ടിയെ വളർത്തുന്ന ഈ ദമ്പതികളുടെ ജീവിതം ആസ്വാദകരിലേക്കെത്തിച്ചത് കാർത്തികി ഗോൺസാൽവസ് എന്ന സംവിധായികയാണ്. മികച്ച ഡോക്യൂമെന്ററി ഷോർട്ടിനുള്ള പുരസ്കാരം ‘ദി എലിഫന്റ് വിസ്പേഴ്സാ’ണ് സ്വന്തമാക്കിയത്. ബൊമ്മനും ബെല്ലിയും എന്ന ദമ്പതികൾ രഘു, അമ്മു എന്ന രണ്ട് ആനകുട്ടികളെ വളർത്തുന്നതാണ് ഡോക്യൂമെന്ററിയുടെ പ്രമേയം.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യൂമെന്ററി ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. ലോകം മുഴുവനുള്ള ആസ്വാദകർ ഇവർ നാലു പേരും തമ്മിലുള്ള ആത്മബന്ധം കണ്ട് സന്തോഷിക്കുകയാണ്. രഘുവിന്റെയും അമ്മുവിന്റെയും കുട്ടുകുറുമ്പിനൊപ്പം അവരെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കണ്ട് പരിപാലിക്കുന്ന ബൊമ്മനും ബെല്ലിയും പ്രശംസ അർഹിക്കുന്നുണ്ട്. ഓസ്കർ ലഭിച്ചതിനു പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ബൊമ്മനെയും ബെല്ലിയെയും അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.
ഇരുവരും ഓസ്കാറുമായി നിൽക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. ഒടുവിൽ ഇതാ സംവിധായിക കാർത്തികി ഗോൺസാൽവസ് തന്റെ അക്കൗണ്ടിലൂടെ ആ ചിത്രം പങ്കുവച്ചിരിക്കുകയാണ്. “നമ്മൾ പിരിഞ്ഞ് നിന്നിട്ട് ഇപ്പോൾ നാലു മാസങ്ങളായി, വീട്ടിൽ തിരിച്ചെത്തിയ പോലൊരു ഫീൽ ആണ് നിങ്ങളെ കാണുമ്പോൾ തോന്നുന്നത്” കാർത്തികി കുറിച്ചു.
ബൊമ്മനും ബെല്ലിയും ഓസ്കാറുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രഘുവിനും അമ്മുവിനുമൊപ്പമുള്ള ഒരു ചിത്രവും തങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് കമന്റ് ബോക്സിൽ നിറയുന്നത്. നെറ്റ്ഫ്ലിക്സ് ഇതേ ചിത്രം ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്.