മാർച്ച് 24നാണ് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ ബോംബേ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തുടർന്ന് സർജറിയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ഇപ്പോഴിതാ ആരാധകരുമായി സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് ജയശ്രീ. അപകട നില തരണം ചെയ്ത് താൻ സുഖമായി വരുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ താരം കുറിച്ചത്. “നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്” എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഇന്നും രാവിലെ ഞാൻ അച്ഛനുമായി ഇതേക്കുറിച്ച് സംസാരിച്ചതേയുള്ളൂ, നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുകയായിരുന്നു, ഒരുപാട് സന്തോഷം ദൈവം വലിയവനാണ് തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
58 വയസ്സുള്ള ഗായിക ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരേ കടൽ, ഒരുത്തീ, പൈതൃകം, കോളാമ്പി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.
സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം കുറച്ചു നാളുകൾക്കു മുൻപ് ജയശ്രീയെ തേടിയെത്തിയിരുന്നു. “സംഗീതത്തെ സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയും അവർ ഉപയോഗിക്കുന്നു” എന്നാണ് സംഗീത അക്കാദമി അവരുടെ കുറിപ്പിൽ പറഞ്ഞത്.