ബോംബെ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 65 വയസ്സിനു മുകളിലുള്ള അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും സിനിമാസീരിയൽ ഷൂട്ടിംഗിൽ നിന്നും വിലക്കേർപ്പെടുത്തി കൊണ്ടുള്ള മഹാരാഷ്ട്ര സർക്കാറിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ള അഭിനേതാക്കൾക്കും മറ്റു അനുബന്ധ ജോലിക്കാർക്കും ഇപ്പോൾ സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കാം. മുതിർന്ന പൗരന്മാരെ സ്റ്റുഡിയോ, ഔട്ട്ഡോർ ഷൂട്ടിംഗിൽ നിന്നും വിലക്കികൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്. 65 വയസ്സിന് മുകളിലുള്ള നടന്മാരെ ജോലി ചെയ്യാൻ അനുവദിക്കാത്തതിനു പിന്നിലെ യുക്തി വിശദീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി നേരത്തെ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടൻ പ്രമോദ് പാണ്ഡെ ജൂലൈ 21 ന് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സിനിമ- സീരിയൽ ചിത്രീകരണം പുനരാരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയെങ്കിലും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 10 വയസ്സിന് താഴെയും 65 വയസ്സിനു മുകളിലുള്ള ക്രൂ അംഗങ്ങൾക്ക് ചിത്രീകരണത്തിൽ നിന്നും വിലക്കുണ്ടായിരുന്നു. എന്നാൽ ഈ വിലക്ക് കുടുംബത്തിലെ ഏക വരുമാന ദാതാക്കളായ അഭിനേതാക്കളെയും/അണിയറപ്രവർത്തകരെയും സംബന്ധിച്ച് ഏറെ വെല്ലുവിളിയായിരുന്നു.
ഒരു മുതിർന്ന പൗരൻ തന്റെ കട തുറക്കുന്നതിലും ദിവസം മുഴുവൻ കടയിൽ ഇരുന്ന് കച്ചവടം ചെയ്യുന്നതിലും വിലക്ക് ഏർപ്പെടുത്താതെ, 65 വയസ്സിന് മുകളിലുള്ള കലാകാരന്മാർ ജോലി ചെയ്യുന്നത് മാത്രം വിലക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ചോദ്യമുന്നയിച്ചിരിന്നു. വിവേചനം കൽപ്പിക്കുന്ന തീരുമാനമെന്നാണ് ഹൈക്കോടതി സർക്കാർ ഉത്തരവിനെ വിശേഷിപ്പിച്ചത്.