തികച്ചും നാടകീയമായ സംഭവങ്ങളാണ് ഇന്നലെ വൈകിട്ട് ചെന്നൈ പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിൽ അരങ്ങേറിയത്. നടൻ രജനീകാന്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച അജ്ഞാതസന്ദേശം. ഉടനെ പൊലീസ് പോയസ് ഗാർഡനിലെ രജനികാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ച അജ്ഞാതനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.

സംഭവത്തെ അപലപിച്ചു കൊണ്ട് രജനീകാന്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇതാദ്യമായല്ല താരത്തിനെതിരെ ബോംബ് ഭീഷണി ഉയരുന്നത്. 2018ലും രജനീകാന്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശമെത്തുകയും ആ സംഭവത്തിൽ പൊലീസ് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ലോക്ക്‌ഡൗൺ കാലം കുടുംബത്തിനൊപ്പം പോയസ് ഗാർഡനിലെ വീട്ടിൽ ചെലവഴിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം തലൈവർ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യാണ് രജനീകാന്തിന്റെ അടുത്ത ചിത്രം. അറുപതു ശതമാനത്തോളം സീനുകൾ പൂർത്തിയാക്കിയപ്പോഴാണ് ലോക്ക്‌ഡൗൺ കാരണം ചിത്രീകരണം നിർത്തിവച്ചത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ‘പടയപ്പ’യും ‘അരുണാചല’വും പോലെ ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍.

ഫാമിലി എന്റർടെയിനറായ ചിത്രത്തിൽ കീർത്തി സുരേഷ്, നയൻതാര, ഖുശ്ബു, സൂരി, പ്രകാശ് രാജ്, സിദ്ധാർത്ഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മന്‍.

Read more: ഞങ്ങളുടെ വിവാഹത്തിന് രജനീകാന്ത് എത്തിയപ്പോള്‍; അപൂര്‍വ ചിത്രം പങ്കുവച്ച് താരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook