ചെന്നൈ: ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ്‌യുടെ വീടിനു ബോംബ് ഭീഷണി. ഇതേ തുടര്‍ന്നു വീടിനു പൊലീസ് സുരക്ഷ ശക്തമാക്കി. വിജയ്‌യുടെ സാലിഗ്രാമത്തിലുള്ള വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ കോള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണു പൊലീസ് സുരക്ഷ ശക്തമാക്കിയത്.

വിജയ്‌യുടെ മാതാപിതാക്കള്‍ താമസിക്കുന്നത് സാലിഗ്രാമത്തിലുള്ള വീട്ടിലാണ്. വിജയ്‌യുടെ പിതാവിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിജയ്‌യുടെ പനയ്യൂരിലുള്ള വീട്ടിലും അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്.

ചെന്നൈയിലുള്ള ഒരു യുവാവാണ് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിജയ്‌യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അത് ഏതുസമയത്തും പൊട്ടുമെന്നുമാണ് അജ്ഞാതന്‍ ഫോണിലൂടെ പറഞ്ഞത്. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യ ടുഡേയുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: Bigil movie review and release HIGHLIGHTS: തിയേറ്ററുകൾ ഇളക്കി മറിച്ച് ‘ബിഗിൽ’

വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ബിഗില്‍ തിയറ്ററുകളില്‍ കയ്യടി നേടി മുന്നേറുകയാണ്. മൂന്നു ദിവസം കൊണ്ട് 100 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയെടുത്തു എന്നാണ് റിപ്പോർട്ട്. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ‘ബിഗിൽ’. രജനീകാന്തിന്റെ ‘2.0’, വിജയ് തന്നെ നായകനായ ‘സർക്കാർ’ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.

ഒക്ടോബർ 25 ന് വേൾഡ് വൈഡ് റിലീസ് ചെയ്ത ‘ബിഗിൽ’ മൂന്നു ദിവസം കൊണ്ടാണ് നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. രാജ്യാന്തര വിപണി ഉൾപ്പെടെ അസാധാരണമായ ഓപ്പണിംഗ് ആണ് ചിത്രം നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ‘ബിഗിൽ’ മുരുഗദോസ് ചിത്രം ‘സർക്കാറി’നെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. മലേഷ്യ, യൂറോപ്പ്, യു എസ് തുടങ്ങിയ വിദേശ വിപണികളിലാണ് ‘ബിഗിൽ ഉയർന്ന സ്കോർ നേടിയിരിക്കുന്നത്. ഒരിക്കൽ രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളുടെ ശക്തി കേന്ദ്രമായിരുന്നു യു എസ് മാർക്കറ്റിലും ‘ബിഗിൽ’ മികച്ച ബോക്സ് ഓഫീസ് വിജയം നേടുകയാണ്. ആസ്ട്രേലിയയിൽ ‘പേട്ട’ നേടിയ കളക്ഷനെയും ‘ബിഗിൽ’ പിന്നിലാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook