ആലിയ- രൺബീർ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ഒരു താരവിവാഹം കൂടിയാണ് ഇരുവരുടേതും. മുംബൈയിലെ ആർകെ ബംഗ്ലാവിലാണ് വിവാഹചടങ്ങുകൾ നടത്തുക. ഇവിടെ തന്നെയായിരുന്നു രൺബീറിന്റെ മാതാപിതാക്കളായ നീതു കപൂറിന്റെയും ഋഷി കപൂറിന്റെയും വിവാഹവും നടന്നത്. പഞ്ചാബി രീതിയിൽ നാല് ദിവസമായാണ് വിവാഹാഘോഷങ്ങൾ നടക്കുക. ഏപ്രിൽ 14നാണ് വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏപ്രിൽ 13ന് മെഹന്തി ചടങ്ങുകൾ നടക്കും.
രൺബീറിനെ ആദ്യം കണ്ടുമുട്ടിയ ദിവസത്തെ കുറിച്ച് ആലിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എഴുത്തുകാരനായ നിരഞ്ജൻ അയ്യങ്കാറുമായുള്ള അഭിമുഖത്തിനിടെയാണ് രൺബീറിനെ പണ്ടുമുതൽ തന്നെ തനിക്കിഷ്ടമാണെന്ന കാര്യം ആലിയ പറഞ്ഞത്. തനിക്ക് 11 വയസ്സുള്ളപ്പോൾ സഞ്ജയ് ലീല ബൻസാലിയെ കാണാൻ സെറ്റിൽ പോയപ്പോഴാണ് രൺബീറിനെ ആദ്യമായി കാണുന്നതെന്നും ആലിയ പറയുന്നു. “ആ സമയത്ത് രൺബീർ ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. അവിടെ വച്ച് സോനം കപൂറിനെയും കണ്ടു, പക്ഷേ അതെനിക്ക് ഓർമയില്ല, ”എന്നാണ് ചിരിയോടെ ആലിയ പറയുന്നത്.
രൺബീറിനൊപ്പം തോളിൽ തലവച്ചുകൊണ്ട് ഏതാനും ചിത്രങ്ങൾ എടുത്തെന്നും ആലിയ പറയുന്നു. “ആ സമയത്തും ഞാൻ രൺബീറുമായി പ്രണയത്തിലായിരുന്നുവെന്ന് സഞ്ജയ് സാർ ഇപ്പോഴും കളിയാക്കി പറയാറുണ്ട്. ഫ്ലേർട്ടിംഗ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പോലും എനിക്കപ്പോഴറിയില്ലായിരുന്നു,” ആലിയ നാണത്തോടെ കൂട്ടിച്ചേർത്തു. സാവരിയയുടെ ആദ്യ ഫ്രെയം കണ്ടപ്പോൾ തന്നെ താൻ രൺബീറുമായി പ്രണയത്തിലായെന്നും ആലിയ പറഞ്ഞു.
കോഫി വിത്ത് കരൺ എന്ന ഷോയ്ക്കിടയിലും ‘എനിക്ക് രൺബീറിനെ വിവാഹം കഴിക്കണം’ എന്ന് ആലിയ പറഞ്ഞിരുന്നു. അതന്ന് താൻ ‘അബദ്ധവശാൽ’ പറഞ്ഞതാണെന്നും ആഞ്ജലീന ജോളിയെ വിവാഹം കഴിക്കണമെന്ന് ഒരു ആരാധകൻ എങ്ങനെ പറയുന്നുവോ അതുപോലെയായിരുന്നു ആ പ്രസ്താവനയെന്നും ആലിയ പറയുന്നു. “നിങ്ങൾ അത് ശരിക്കും ഉദ്ദേശിച്ച് പറയുന്നതല്ല, ഒരു സങ്കൽപ്പം പോലെ പറയുന്നതാണ്. ഞാൻ രൺബീറിന്റെ ഒരു ഫാൻ ഗേൾ ആയിരുന്നു, ഇപ്പോഴും അതെ. പക്ഷേ അവനോടുള്ള എന്റെ സ്നേഹത്തിൽ ഞാൻ വളരെ സത്യസന്ധയാണ്.”
“സ്‌ക്രീനിൽ ഞാൻ കണ്ട രൺബീറിനെയല്ല ജീവിതത്തിൽ കണ്ടത്. ഞാൻ യഥാർത്ഥ ജീവിതത്തിൽ അവനെ കണ്ടുമുട്ടുമ്പോൾ, അവൻ തികച്ചും വ്യത്യസ്തനായ വ്യക്തിയാണ്,” ആലിയ കൂട്ടിച്ചേർക്കുന്നു.
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്. 2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ചിത്രം ഈ വർഷാവസാനം സ്‌ക്രീനുകളിൽ എത്തും.