സൽമാൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ടിവി ജേർണലിസ്റ്റ് കോടതിയെ സമീപിച്ചു. സൽമാൻ ഖാൻ സൈക്കിൾ ഓടിക്കുന്നത് ഷൂട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ താരവും അദ്ദേഹത്തിന്റെ അംഗരക്ഷകരും ചേർന്നു മർദിച്ചുവെന്നാണ് മാധ്യമപ്രവർത്തകന്റെ ആരോപണം.

അന്ധേരിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.ആർ.ഖാന്റെ കോടതിയിലാണ് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡ്യ സ്വകാര്യ പരാതി സമർപ്പിച്ചത്. ഐപിസി 323 (ദേഹോപദ്രവം), 392 (കവർച്ച), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങൾ സൽമാനെതിരെ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ 24 നാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. തന്റെ രണ്ടു അംഗരക്ഷകർക്കൊപ്പം സൈക്കിൾ സവാരി നടത്തുകയായിരുന്നു സൽമാൻ ഖാൻ. ഈ സമയം കാറിൽ വരികയായിരുന്നു പാണ്ഡ്യ, സൽമാൻ സൈക്കിൾ ഓടിക്കുന്നതുകണ്ടതും ഷൂട്ട് ചെയ്യാൻ തുടങ്ങി. സൽമാന്റെ അംഗരക്ഷകരുടെ അനുവാദം വാങ്ങിയശേഷമാണ് ഷൂട്ട് ചെയ്തത്. പക്ഷേ ഷൂട്ട് ചെയ്യുന്നതു കണ്ട സൽമാൻ ഖാൻ ദേഷ്യപ്പെടുകയും അദ്ദേഹത്തിന്റെ അംഗരക്ഷകർ അടുത്തേക്കെത്തി മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

സൽമാൻ ഖാനും തന്നെ മർദിച്ചതായും മൊബൈൽ ഫോൺ തട്ടിപ്പറിച്ചതായും പരാതിയിലുണ്ട്. മൂവരും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതിൽ യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് പരാതി തളളിയതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുളള മാധ്യമപ്രവർത്തകന്റെ പരാതിയിൽ ജൂലൈ 12 ന് കോടതി വാദം കേൾക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook