നടി സ്വര ഭാസ്‌കറും ദേശീയ പുരസ്കാര ജേതാവായ തിരക്കഥാകൃത്ത് ഹിമാന്‍ഷു ശര്‍മ്മയും വര്‍ഷങ്ങളുടെ പ്രണയ ബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തിയ ‘തനു വേഡ്‌സ് മനു’ എന്ന ചിത്രം മുതലാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്. ഈ ചിത്രത്തിനു പുറമേ ‘തനു വേഡ്‌സ് മനു റിട്ടേണ്‍സ്’, ‘രാഝനാ’ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇരുവരും ചില അഭിപ്രായവ്യത്യാസങ്ങളുടെ പുറത്താണ് വേര്‍പിരിഞ്ഞതെന്ന് അടുത്തവൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
‘ഭാവി എങ്ങനെ ആകണം എന്നതിനെ സംബന്ധിച്ചുള്ള വിയോജിപ്പുകളുടെ മേലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സുഹൃത്തുക്കളായി തന്നെയാണ് രണ്ടുപേരും പിരിഞ്ഞിരിക്കുന്നത്.’
അതേസമയം ഇതേക്കുറിച്ച് രണ്ടുപേരുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സ്വരയും ഹിമാന്‍ഷുവും പിരിഞ്ഞു എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരും സ്വീകരിച്ചത്. തങ്ങളുടെ ബന്ധത്തെ കുറിച്ച് വളരെ വാചാലരായിരുന്നു ഇരുവരും.
കരീന കപൂര്‍, സോനം കപൂര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചു പുറത്തിറങ്ങിയ ‘വീരെ ദി വെഡ്ഡിങി’നു ശേഷം സ്വര ഭാസ്‌കര്‍ ഇതുവരെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ‘സീറോ’ ആയിരുന്നു ഹിമാന്‍ഷുവിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വീണ്ടും ആനന്ദും ഹിമാന്‍ഷുവും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.