ബോളിവുഡിലെ ക്രിസ്മസ്-പുതുവത്സര റിലീസ് ചിത്രങ്ങളില്‍ ഒന്നായ ഷാരൂഖ് ഖാന്റെ ‘സീറോ’ എന്ന സിനിമയ്ക്ക് ഷാരൂഖ് ഖാന്റെ ‘അപ്പിയറന്‍സ്’ കൂടാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ വര്‍ഷമാദ്യം അന്തരിച്ച നടി ശ്രീദേവി ഏറ്റവും ഒടുവിലായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് ഈ ചിത്രത്തിലാണ് എന്നതാണത്.

Read More: Zero movie review: ‘സീറോ’ റിവ്യൂ

‘സീറോ’യില്‍ അതിഥി വേഷത്തിലാണ് ശ്രീദേവി എത്തുന്നത്‌. ആ ഷോട്ടിനായി അവര്‍ തയ്യാറെടുക്കുന്നത്തിന്റെയും മറ്റും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ താരത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ആ ചിത്രങ്ങളെ ശ്രീദേവി ആരാധകര്‍ ഏറെ സ്നേഹത്തോടെയാണ് വരവേറ്റത്.  ഒരിക്കല്‍ കൂടി, അവസാനമായി വെള്ളിത്തിരയില്‍ എത്തുന്ന താരത്തെ ഒരുനോക്ക് കാണാനായി തിയേറ്ററുകളില്‍ എത്തിയ ശ്രീദേവി ആരാധകര്‍ വികാരാവേശത്തോടെ താരത്തിന്റെ അവസാന ഷോട്ടിന് കൈയ്യടിച്ചു.

ആനന്ദ്‌ എല്‍.റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം കരിഷ്മ കപൂറും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേത്രിയുമായി സ്ക്രീന്‍ പങ്കുവയ്ക്കാന്‍ അവസരം ഒരുക്കിയ ഷാരൂഖിനും ആനന്ദ്‌ എല്‍.റായ്ക്കും നന്ദി പറഞ്ഞു കൊണ്ട് കരിഷ്മ കപൂര്‍ ഇങ്ങനെ കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഒരു ആഡംബര ഹോട്ടലിലെ വച്ച് ശ്രീദേവി മരിക്കുന്നത്. ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം സംഭവിച്ചത്. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ‘മോം’ ആയിരുന്നു ഒരു മുഴുനീള വേഷത്തില്‍ ശ്രീദേവി അഭിനയിച്ച അവസാന ചിത്രം. ‘മോ’മിലെ അഭിനയത്തിന് അവര്‍ക്ക് 2017ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മരണാനന്തരം നല്‍കിയ ആ പുരസ്‌കാരം ശ്രീദേവിക്ക് വേണ്ടി മക്കള്‍ ജാന്‍വി, ഖുഷി എന്നിവര്‍ ഏറ്റുവാങ്ങി.

Read More: ശ്രീദേവിയ്ക്ക് ദേശീയ പുരസ്‌കാരം: ചരിത്രം കുറിച്ച് മികച്ച നടി

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Bollywood news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ