പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് താരനിര കൊണ്ട് സമ്പന്നമായിരുന്നു. ബോളിവുഡില്‍ നിന്ന് വന്‍ താരനിരയാണ് ചടങ്ങിനെത്തിയത്. രജനീകാന്ത്, കങ്കണ റനൗത്ത്, കരണ്‍ ജോഹര്‍, അനുപം ഖേര്‍, ഷാഹിദ് കപൂര്‍, ബോണി കപൂര്‍, ജിതേന്ദ്ര തുടങ്ങിയ നിരവധി താരങ്ങളാണ് പങ്കെടുത്തത്. വിവേക് ഒബ്‌റോയ്, ബോമന്‍ ഇറാനി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 6000ത്തിലധികം പ്രത്യേകം ക്ഷണിച്ച അതിഥികളെത്തിയ ചടങ്ങ് പ്രൗഢ ഗംഭീരമായിരുന്നു.

എന്നാല്‍ പരിപാടിക്ക് ശേഷം പലരും തിക്കിലും തിരക്കിലും പെട്ടു. അതില്‍ ഒരാളായിരുന്നു പ്രശസ്ത ബോളിവുഡ് ഗായികയായ ആശ ഭോസ്‌ലെ. താനും തിക്കിലും തിരക്കിലും പെട്ട് പോയതായി ട്വിറ്ററിലൂടെയാണ് ആശ ഭോസ്‌ലെ അറിയിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തന്റെ രക്ഷയ്ക്ക് എത്തിയതെന്നും തന്നെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ സഹായിച്ചതെന്നും ഭോസ്‌ലെ പറയുന്നു.

‘സത്യപ്രതിജ്ഞാ ചടങ്ങിലെ അത്രയും ഭ്രാന്തമായ തിരക്കിനിടയില്‍ ഞാന്‍ പെട്ട് പോയിരുന്നു. ആരും സഹായിക്കാനെത്തിയില്ലെങ്കിലും എന്റെ അവസ്ഥ കണ്ട സ്മൃതി ഇറാനി എന്നെ സഹായിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചു. അവർ കരുതലുളളവരാണ്. അതുകൊണ്ടാണ് അവര്‍ ജയിച്ചത്,’ ആശ ഭോസ്‌ലെ പറഞ്ഞു.

രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുടെയും സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.

രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ കൃത്യം ഏഴ് മണിക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. രണ്ടാമനായി രാജ്നാഥ് സിങ്. പിന്നാലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

തുടര്‍ന്ന് നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി അടക്കം 25 കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കൂട്ടത്തില്‍ എസ്.ജയശങ്കര്‍ അടക്കമുള്ള പുതിയ മുഖങ്ങളും. വി.മുരളീധരന്‍ അടക്കം 24 സഹമന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.

Read More: സത്യപ്രതിജ്ഞാ ചടങ്ങിന് ബോളിവുഡ് ഗ്ലാമര്‍; ഷാഹിദ് കപൂറും കങ്കണ റണാവത്തും ഡല്‍ഹിയിലേക്ക് തിരിച്ചു

രാഹുല്‍ ഗാന്ധിയും സോണിയയും അടക്കമുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, കലാ, സിനിമ, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങിനെത്തി. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുടെയും കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ് രാഷ്ട്രത്തലവന്മാരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, പതിനായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണ് നരേന്ദ്ര മോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. മുകേഷ് അംബാനി അടക്കമുള്ള വ്യവസായ പ്രമുഖരും രജനീകാന്ത് അടക്കമുള്ള സിനിമാതാരങ്ങളും ചടങ്ങിന് എത്തി. ചടങ്ങിന് മുന്പായി രാവിലെ നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്കും രക്തസാക്ഷിത്വം വരിച്ച ധീരജവാന്‍മാരുടെ സ്മാരകത്തിലും മോദി പുഷ്പചക്രം അര്‍പ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook