സിനിമ തന്നിലെ ഈമാന്‍ തകര്‍ത്തുവെന്നും അല്ലാഹുവില്‍ നിന്നും അകലാന്‍ ഇതു കാരണമായെന്നും പറഞ്ഞ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച സൈറ വസീമിനെ പിന്തുണച്ച് നടന്‍ സിദ്ധാർഥ്. സൈറ അഭിനയം നിര്‍ത്തിയതില്‍ പലരും അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ഇഷ്ടമുളളതാണ് സൈറ ചെയ്യേണ്ടതെന്ന് സിദ്ദാർഥ് പറഞ്ഞു.
‘ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുളളത് ചെയ്യുക. നിങ്ങളുടെ ഭാവി നന്നായിരിക്കട്ടേയെന്ന് ആശംസിക്കുന്നു. നമ്മുടെ കലയും ജോലിയുമാണ് നമ്മുടെ ജീവിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ നിന്നും മതത്തെ പുറത്ത് നിര്‍ത്താനാണ് നമ്മള്‍ ശ്രമിക്കാറുളളത്. നിങ്ങളുടെ മതം നിങ്ങളെ ഇവിടെ തുടരാന്‍ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി ഇവിടത്തെ അംഗമായിരിക്കില്ല,’ സിദ്ധാർഥ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തന്റെ ഇടം ഇതല്ലെന്നു തിരിച്ചറിഞ്ഞതോടെ അഞ്ചു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അഭിനയം നിര്‍ത്തുകയാണെന്ന് നടി വ്യക്തമാക്കിയത്. മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്നും സൈറ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
Read More: മതപരമായ കാരണങ്ങളാൽ അഭിനയം നിർത്തുന്നു; ദംഗൽ നായിക സൈറ വസീം
‘അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ഒരു തീരുമാനമെടുത്തു, അത് എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ബോളിവുഡില്‍ ഞാന്‍ കാലെടുത്തുവച്ചപ്പോള്‍ അത് എനിക്ക് വലിയ ജനപ്രീതിയുടെ വാതിലുകള്‍ തുറന്നുതന്നു. ഇന്ന് ഞാന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഈ ജോലിയില്‍ ഞാന്‍ യഥാർഥത്തില്‍ സന്തുഷ്ടയല്ലെന്ന് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു, വളരെക്കാലമായി ഞാന്‍ മറ്റൊരാളാകാന്‍ പാടുപെടുകയാണ്. എപ്പോഴും എന്റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്റെ മതവുമായുള്ള എന്റെ ബന്ധം പ്രശ്‌നത്തിലാകുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയാല്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി. ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിർദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
അതേസമയം, സൈറ വസീം ഫെയ്സ്ബുക്കില്‍ സ്വന്തമായി എഴുതിയതാണെന്നും അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി അവരുടെ മാനേജര്‍ തുഹിന്‍ മിശ്ര രംഗത്തെത്തി. സൈറയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തുഹിന്‍ മിശ്ര.
കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചാണ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു.