കഴിഞ്ഞ ദിവസം, ന്യൂഡൽഹിയിൽ ഒരു ബ്രാൻഡ് ഇവന്റിൽ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. താൻ പ്രസ്തുത ടിവി ബ്രാൻഡിന്റെ വലിയ ആരാധകനാണെന്നും തന്റെ വീട്ടിൽ നിരവധി ടെലിവിഷനുകളുണ്ടെന്നും ഷാരൂഖ് പറഞ്ഞു
“എന്റെ കിടപ്പുമുറിയിൽ ഒരെണ്ണമുണ്ട്, സ്വീകരണമുറിയിൽ ഒന്ന്, എന്റെ ചെറിയ മകൻ അബ്രാമിന്റെ മുറിയിൽ മറ്റൊന്ന്, ആര്യന്റെ മുറിയിൽ ഒന്ന്, ഒരെണ്ണം എന്റെ മകളുടെ മുറിയിൽ. അടുത്തിടെ ജിമ്മിലെ ടിവി തകരാറിലായപ്പോഴും ഞാൻ വാങ്ങിച്ചത് ഇതേ ബ്രാൻഡിന്റെ ടെലിവിഷനാണ്.”
തന്റെ വീട്ടിൽ പന്ത്രണ്ടോളം ടെലിവിഷനുകളുണ്ടെന്നും എല്ലാത്തിനും കൂടി 40 ലക്ഷത്തോളം രൂപ വില വരുമെന്നും ഷാരൂഖ് പറഞ്ഞു. ‘ഞങ്ങളുടെയാക്കെ വീടിന് ആകെക്കൂടി അത്ര രൂപയെ വരൂ,’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
കുടുംബത്തോടൊപ്പം മുംബൈയിലെ മന്നത്ത് എന്ന ബംഗ്ലാവിലാണ് ഷാരൂഖിന്റെ താമസം. വീടിന്റെ ഇന്റീരിയറിൽ മാറ്റങ്ങൾ വരുത്താൻ തനിക്ക് അനുവാദമില്ലെന്നും അത് തന്റെ ഭാര്യ ഗൗരിയുടെ ഏരിയയാണെന്നും എന്നാൽ വീടിനുള്ളിൽ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ തനിക്ക് അനുവാദമുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
‘സീറോ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി പ്രേക്ഷകർ ഷാരൂഖിനെ കണ്ടത്. 2018ൽ ഇറങ്ങിയ ഈ ചിത്രം കലാപരമായും വാണിജ്യപരമായും വലിയ നിരാശ സമ്മാനിച്ച ചിത്രമായിരുന്നു. ആക്ഷൻ-ത്രില്ലർ ചിത്രമായ പത്താൻ, സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ ഡങ്കി, അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമ എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ.
Read more: അന്ന് 1500 രൂപ പ്രതിഫലം വാങ്ങിയ മോഡൽ; ഇന്ന് ആഗോള ബ്രാൻഡുകളുടെ അംബാസഡർ