തമിഴ് സംവിധായകൻ അറ്റ്ലീ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നെന്ന് സൂചന. വിജയ് ചിത്രം ബീസ്റ്റിന്റെ ടീസർ പങ്കുവച്ച ട്വീറ്റിലാണ് ഷാരൂഖ് ചിത്രീകരണത്തിലാണെന്ന സൂചന നൽകിയത്.
“എന്നെപ്പോലെ തന്നെ വിജയ് ആരാധകനായ അറ്റ്ലീക്ക് ഒപ്പമാണ് ഇരിക്കുന്നത്. ബീസ്റ്റിന്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു…ട്രെയിലർ അർത്ഥവത്തായതും…. ചെറുതും…ശക്തവുമായി തോന്നുന്നു!!” ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
നയൻതാര നായികയാവുന്ന ചിത്രത്തിൽ ഷാരൂഖ് ജോയിൻ ചെയ്തതായി നേരത്തെ വാർത്തയുണ്ടായിരുന്നു. “എസ്ആർകെ കഴിഞ്ഞ ആഴ്‌ച സിനിമയിൽ ജോയിൻ ചെയ്തു, നയൻതാര കുറച്ച് ദിവസം മുമ്പ് ജോയിൻ ചെയ്തിരുന്നു. തെലുങ്ക് സൂപ്പർതാരം റാണ ദഗ്ഗുബതി ചിത്രത്തിൽ വില്ലനായി എത്തുമെന്നും അദ്ദേഹം പിന്നീട് ചേരുമെന്നും പറയപ്പെടുന്നു.” 2021 സെപ്റ്റംബറിൽ അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. ചിത്രത്തിൽ സന്യ മൽഹോത്രയും സുനിൽ ഗ്രോവറും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
ഇളയ ദളപതി വിജയ് ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നും പറയപ്പെടുന്നുണ്ട്.
അടുത്തിടെ ഷാരൂഖ് ഖാൻ പത്താന്റെ ഷെഡ്യൂൾ പൂർത്തിയാക്കി സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയിരുന്നു. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്. 2018-ൽ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘പത്താൻ’.
Also Read: വിദ്യാർത്ഥിയുടെ കഥ മോഷ്ടിച്ചു; അസ്ഗാൻ ഫർഹാദി കുറ്റക്കാരനെന്ന് ഇറാനിയൻ കോടതി