കേരളത്തിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ചവരിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും പ്രതിഷേധം ഏറ്റുവാങ്ങുന്നതും എംഎൽഎ പി.സി. ജോർജാണെങ്കിൽ, ബോളിവുഡിൽ അത് സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ്.  ജലന്ധർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും  അവര്‍ക്ക് പിന്തുണ നല്‍കി രംഗത്ത് വന്ന മറ്റുള്ളവരേയും ട്വിറ്ററില്‍ അധിക്ഷേപിക്കുകയും  വ്യക്തിഹത്യ നടത്തുകയുമൊക്കെ ചെയ്ത വിവേക് അഗ്നിഹോത്രിയ്ക്ക് മറുപടി പറയുകയല്ല വേണ്ടത്, ആ മറുപടികളില്‍ കൂടി അയാള്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്‌ ചെയ്യുന്നത്, അത് കൊണ്ട് അയാളെ അവഗണിക്കണം എന്ന് ബോളിവുഡ് അഭിനേത്രിയും മുന്‍രാജ്യസഭാംഗവുമായ ശബാനാ ആസ്മി പറഞ്ഞു.

 

വിഷയം ദേശീയതലത്തിൽ വരെ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കന്യാസ്ത്രീകളെ അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമൊക്കെ മുന്നോട്ടു വരുന്ന പ്രതിലോമശക്തികൾക്കെതിരെ സമൂഹത്തിലെ സാധാരണക്കാർ മുതൽ സെലബ്രിറ്റികൾ വരെ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്.

“ലജ്ജാകരവും അറപ്പുളവാക്കുന്നതുമായ സംഭവങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയപരവും മതപരവുമായ അഴിമതികൾ രാജ്യത്തെ വിഘടിപ്പിക്കുകയാണ്. ഛർദ്ദിക്കാൻ തോന്നുന്നു,” കേരളത്തിലെ കന്യാസ്ത്രീകളും സഭയും തമ്മിലുള്ള പ്രശ്നത്തിൽ പി.സി.ജോർജ് നടത്തിയ വിവാദ പ്രസ്താവനകൾക്കെതിരെ ബോളിവുഡ് നടി സ്വരാ ഭാസ്കർ ട്വീറ്റ് ചെയ്തിരുന്നു.

Read More: പി.സി.ജോര്‍ജിനെതിരെ സ്വരാ ഭാസ്‌കര്‍

കന്യാസ്ത്രീകളെ പിന്തുണച്ച സ്വരയുടെ ട്വീറ്റിന് വിവേക് അഗ്നിഹോത്രി നൽകിയ മറു ട്വീറ്റാണ് ബോളിവുഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സെപ്റ്റംബർ 9 നായിരുന്നു കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സ്വരാ ഭാസ്കറിനെയും കന്യാസ്ത്രീകളെയും അധിക്ഷേപിച്ചുകൊണ്ടുള്ള വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. “#മീറ്റുപ്രോസ്റ്റിറ്റ്യൂട്ട്നൺ എന്ന പ്ലക്കാർഡ് എവിടെ?” എന്നായിരുന്നു വിവേകിന്റെ പരിഹാസം.

തുടർന്ന്, വിവേകിന്റെ സ്ത്രീവിരുദ്ധമായ പരിഹാസത്തിനെതിരെ നിരവധി പേർ പ്രതിഷേധം അറിയിച്ചു മുന്നോട്ടു വന്നു.

“കുലീനരായ ദേശസ്നേഹികളുടെ മാനസികാവസ്ഥയാണിത്. മാനസിക തകരാറുകളുള്ള, അപക്വരായ ഈ സ്ത്രീ വിരുദ്ധരിൽ നിന്ന് ആരെങ്കിലും നമ്മുടെ രാജ്യത്തെ രക്ഷിക്കൂ. ലജ്ജാകരം.” നടിയും അവതാരകയുമായ ശ്രുതി സേതും വിവേകിനെതിരെ ട്വീറ്റ് ചെയ്തിരുന്നു.

കന്യാസ്ത്രീകളെയും സ്വരയേയും അവഗണിച്ച വിവേക് അഗ്നിഹോത്രി കോടതി നടപടികൾ നേരിടേണ്ടതല്ലേ എന്ന ചോദ്യവുമായി ജെഎൻയു സ്റ്റുഡൻസ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിനെ പോലുള്ള വിദ്യാർത്ഥി നേതാക്കളും മുന്നോട്ടു വന്നു. പ്രതിഷേധം ശക്തമായതോടെ ട്വിറ്റര്‍ ഇടപെട്ട് വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ് ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Bollywood news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ