ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആയ കപില്‍ ദേവിന്റെയും ബയോപിക് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. 83 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് കപിലായി വേഷമിടുന്നത്. ചിത്രത്തിലെ തന്റെ ലുക്ക് രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. തന്റെ ജന്മദിനത്തിലാണ് ആരാധകര്‍ക്കായി രണ്‍വീര്‍ പോസ്റ്റര്‍ പങ്കുവച്ചത്. കപില്‍ ദേവിനോട് സാമ്യം തോന്നുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ മേക്കോവര്‍.

‘എന്റെ പ്രത്യേക ദിനത്തില്‍ ഹരിയാന ഹരികൈന്‍, കപില്‍ ദേവിനെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു,’ രണ്‍വീര്‍ കുറിച്ചു. ഇപ്പോള്‍ ബ്രിട്ടനിലാണ് ചിത്രീകരണം നടക്കുന്നത്. രൺവീറിന്റെ ഭാര്യ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയാണ് ദീപിക വേഷമിടുന്നത്.

1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. ലോര്‍സ്ഡില്‍ അന്ന് കപിലിന്റെ ചെകുത്താന്മാര്‍ ക്രിക്കറ്റ് ലോകകപ്പ് നേടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി. തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്.

Read More: കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു; വെളളിത്തിരയില്‍ ബാറ്റേന്തുക രണ്‍വീര്‍ സിങ്

മധു മന്‍ടേന നിർമിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിങ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 ഏപ്രില്‍ 10 ന് ചിത്രം പുറത്തിറങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook