കഴിഞ്ഞ നവംബര്‍ മാസമാണ് ബോളിവുഡ് താരങ്ങള്‍ ദീപിക പദുകോണും രണ്‍വീര്‍ സിംഗും വിവാഹിതരായത്. ഇറ്റലിയിലെ ലേക്ക് കൊമോയില്‍ നടന്ന സ്വകാര്യമായ വിവാഹചടങ്ങുകള്‍ക്ക് ശേഷം ഇരുവരുടെ ജന്മനാടുകളായ മുംബൈ, ബംഗലൂരു എന്നിവിടങ്ങളില്‍ സത്കാരവും നടന്നു.

വിവാഹജീവിതം തന്നെ എങ്ങനെ മാറ്റി എന്നതിനെക്കുറിച്ച് അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ രണ്‍വീര്‍ സിംഗ് സംസാരിക്കുകയുണ്ടായി.

“ഇപ്പോള്‍ ഞാന്‍ കൃത്യ സമയത്തിനു എഴുന്നേല്‍ക്കും, ജോലിക്ക് പോകും, തിരിച്ചു വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ ഞാനൊരു നല്ല കുട്ടിയാണ്.”

ലേക്ക് കൊമോയില്‍ വിവാഹം നടത്തണം എന്നത് ദീപികയുടെ ആഗ്രഹമായിരുന്നു എന്നും അവര്‍ ആഗ്രഹിക്കുന്നത് നടത്തി കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നും രണ്‍വീര്‍ വെളിപ്പെടുത്തി.

“വിവാഹത്തെക്കുറിച്ച് അവള്‍ എന്താഗ്രഹിച്ചുവോ, അതെല്ലാം നടത്തി. അത് അവള്‍ അര്‍ഹിക്കുന്നുണ്ട്, ഞാനും. ദീപികയുടെ സന്തോഷമാണ് എന്റെ സന്തോഷം.”

Read More: ദീപിക-രണ്‍വീര്‍ വിവാഹസത്കാര ചിത്രങ്ങള്‍

നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രണ്‍വീറും ദീപികയും വിവാഹിതരാകുന്നത്. സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ ‘രാം ലീല’ എന്ന സിനിമയുടെ ചിത്രീകരത്തിനിടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് പതിയെ വഴി മാറുകയായിരുന്നു. പിന്നീട് ഇവര്‍ ഒന്നിച്ചു സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ തന്നെ ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തുടക്കം മുതല്‍ തന്നെ ബോളിവുഡിന്റെ പേജ് ത്രീ സംസാരവിഷയമായിരുന്നു ഇവരുടെ പ്രണയം എങ്കിലും ഇരുവരുടെ ഭാഗത്ത്‌ നിന്നും ഒരിക്കല്‍ പോലും അതിനെക്കുറിച്ച് പരസ്യമായ സംസാരങ്ങള്‍ ഉണ്ടായില്ല. ഒടുവില്‍ വിവാഹത്തിന് തൊട്ടു മുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ഇതിനെക്കുറിച്ച്‌ വെളിപ്പെടുത്തുന്നത്.

സോയാ അഖ്തര്‍ സംവിധാനം ചെയ്ത ‘ഗള്ളി ബോയ്‌’ എന്ന ചിത്രത്തിന്റെ വിജയലഹരിയിലാണ് ഇപ്പോള്‍ രണ്‍വീര്‍, ദീപികയാകട്ടെ, താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലും. ഒരു ആസിഡ് അറ്റാക്ക്‌ സര്‍വൈവരുടെ കഥ പറയുന്ന ‘ചാപക്’ സംവിധാനം ചെയ്യുന്നത് മേഖ്ന ഗുല്‍സാര്‍ ആണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook