ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ഇരുവരുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
രൺബീർ-ആലിയ വിവാഹം മാറ്റിവച്ചിട്ടില്ലെന്നാണ് ആലിയയുടെ സഹോദരൻ രാഹുൽ ഭട്ട് നേരത്തെ പറഞ്ഞത്. ”ഈ ആഴ്ചയിൽ തന്നെ വിവാഹം നടക്കും. തീയതി പറയാൻ എനിക്ക് കഴിയില്ല, പക്ഷേ അത് ഉടൻ സംഭവിക്കും. ഏപ്രിൽ 20ന് മുമ്പ് അത് സംഭവിക്കുമെന്ന് എനിക്ക് പറയാൻ കഴിയും,” ഹിന്ദുസ്ഥാൻ ടൈംസിനോട് അദ്ദേഹം പറഞ്ഞു.
അതിനിടെ, രൺബീറിന്റെ സഹോദരി റിദ്ദിമ കപൂർ ഇന്ന് മുംബൈയിൽ എത്തിയിട്ടുണ്ട്. റിദ്ദിമയുടെ ഭർത്താവ് ഭരത് സഹ്നിയും മകൾ സമറയും ഒപ്പമുണ്ട്. മുംബൈ വിമാനത്താവളത്തിൽ എത്തിയ റിദ്ദിമയോട് സഹോദരൻ രൺബീറിന്റെ വിവാഹത്തെക്കുറിച്ച് പാപ്പരാസികൾ ചോദിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. ഡൽഹിയിലാണ് റിദ്ദിമ താമസിക്കുന്നത്.

അതേസമയം, വിവാഹ വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന രൺബീറിന്റെ വീട് പൂക്കളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിവാഹ ആഘോഷങ്ങൾ രൺബീറിന്റെ വീട്ടിൽ തുടങ്ങിയതായാണ് ഇത് സൂചിപ്പിക്കുന്നത്. ഏപ്രിൽ 14നാണ് വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏപ്രിൽ 13ന് മെഹന്തി ചടങ്ങുകൾ നടക്കും. പഞ്ചാബി രീതിയിൽ നാല് ദിവസമായാണ് വിവാഹാഘോഷങ്ങൾ നടക്കുക.

ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്. 2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്.
Read More: രൺബീറിനെ ആദ്യം കാണുമ്പോൾ എനിക്ക് 11 വയസ്സ്, അന്നേ ഇഷ്ടം തോന്നിയിരുന്നു: ആലിയ