ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് സൂപ്പർ താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും ഈ മാസം വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 17ന് വിവാഹം നടക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 14 മുതൽ വിവാഹാഘോഷങ്ങൾ ആരംഭിക്കും എന്നാണ് വിവരം. ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.
ചേംബൂരിലെ ആർകെ ബംഗ്ലാവിലാണ് വിവാഹം എന്നാണ് പുറത്തുവരുന്ന വിവരം. ഇവിടെ ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. പഞ്ചാബി രീതിയിൽ നാല് ദിവസമായാകും വിവാഹാഘോഷങ്ങൾ.
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ.
2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ചിത്രം ഈ വർഷാവസാനം സ്‌ക്രീനുകളിൽ എത്തും.

2012ൽ കരൺ ജോഹറിന്റെ ,സ്റ്റുഡന്റ് ഓഫ് ദ ഇയർ, എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ അരങ്ങേറ്റം. അതിനുശേഷം ‘റാസി’, ‘കപൂർ ആൻഡ് സൺസ്’, ‘ഗല്ലി ബോയ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. എസ്.എസ് രാജമൗലിയുടെ രുധിരം രണം രൗദ്രം (ആർആർആർ) ആണ് ആലിയയുടേതായി ഏറ്റവും ഓടുവിൽ പുറത്തിറങ്ങിയ ചിത്രം.
2018-ൽ പുറത്തിറങ്ങിയ സഞ്ജുവാണ് രൺബീറിന്റെ അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം. പിതാവായ റിഷി കപൂർ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ശർമാജി നംകീന്റെ പ്രചാരണത്തിരക്കുകളിലാണ് രൺബീർ ഇപ്പോൾ.
Also Read: അറ്റ്‌ലീയുടെ ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു; സൂചന നൽകി താരത്തിന്റെ ട്വീറ്റ്